ഇന്ത്യൻ രൂപയുടെ വിലയിടിവ് : ഒമാൻ റിയാലിന്‍റെ വിനിമയനിരക്ക് 210ലേക്ക്

 

ഇന്ത്യൻ രൂപയുടെ വിലയിടിവ് ശക്തമായതോടെ റിയാലിന്‍റെ വിനിമയം ഒരു റിയാലിന് 210 രൂപ എന്ന ഉയർന്ന നിരക്കിലേക്ക് എത്തുന്നു.ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ റിയാലിന് 209.50 രൂപ എന്ന നിരക്കാണ് വ്യാഴാഴ്ച ഉപഭോക്താക്കൾക്ക് നൽകിയത്. എന്നാൽ അന്താരാഷ്ട്ര കറൻസി പോർട്ടലായ എക്സ് ഇ കറൻസി കൺവെർട്ടറിൽ റിയാലിന്‍റെ വിനിമയനിരക്ക് വ്യാഴാഴ്ച രാവിലെ 210.57 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഒരു ഡോളറിന് 80.74 രൂപയായിരുന്നു വ്യാഴാഴ്ചത്തെ ക്ലോസിങ് നിരക്ക്. വിനിമയനിരക്ക് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക മേഖലയിലുള്ളവർ വിലയിരുത്തുന്നത്. യു.എസ് ഫെഡറൽ റിസർവ് ബാങ്ക് അവരുടെ പലിശനിരക്ക് കൂട്ടിയതാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വിനിമയമൂല്യം ഇടിയാൻ കാരണമായതെന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു.