കുവൈത്തിൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി

 

കുവൈത്ത് : കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 16 ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിനേഷൻ കേന്ദ്രം ആരംഭിക്കുന്നതിന് ആരോഗ്യ മന്ത്രാലയം അനുമതി നൽകി. ആഗസ്റ്റ് 10 മുതൽ ആഗസ്റ്റ് 14 വരെ വൈകീട്ട് മൂന്ന് മുതൽ രാത്രി എട്ട് വരെ കേന്ദ്രങ്ങൾ പ്രവർത്തിക്കും. അഞ്ച് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള ഫസ്റ്റ് ആൻഡ് സെക്കൻഡ് ഡോസ്, 12 മുതൽ 18 വയസ്സ് വരെയുള്ളവർക്കുള്ള തേർഡ് ബൂസ്റ്റർ ഡോസ്, 50നും അതിന് മുകളിലുള്ളവർക്കുമുള്ള നാലാമത് ബൂസ്റ്റർ ഡോസ് എന്നിവക്കായി ഫൈസർ വാക്സിൻ പടിഞ്ഞാറൻ മിഷ്റഫിലെ അബ്ദുൽ റഹ്മാൻ അസ്സൈദ് ആരോഗ്യകേന്ദ്രത്തിൽ നൽകും. ബാക്കിയുള്ള 15 കേന്ദ്രങ്ങളിൽ മൊഡേണ വാക്സിനുകൾ എടുക്കുന്നതിനുള്ള സൗകര്യമാണുണ്ടാവുക.

അവധിക്കാലം കഴിഞ്ഞ് കുടുംബങ്ങളുടെ തിരിച്ചുവരവ്, സെപ്റ്റംബർ മാസത്തിലെ സ്കൂൾ പ്രവേശനം എന്നിവയോടനുബന്ധിച്ചാണ് വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകിയത്. 2020 ഡിസംബറിൽ ആരംഭിച്ച ബോധവത്കരണത്തിന്റെയും വാക്സിനേഷൻ കാമ്പയിനുകളുടെയും തുടർച്ചയാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പകർച്ചവ്യാധികൾ പടരുന്നത് കുറക്കുകയും കോവിഡ് മൂലം രാജ്യത്തുണ്ടായിരുന്ന ആരോഗ്യ നിയന്ത്രണങ്ങൾ നീക്കാനും പ്രതിരോധ പ്രവർത്തനങ്ങൾ സഹായിച്ചെന്നും ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.