യുഎഇയിൽ പ്രവാസിക്ക് മോഷണക്കേസില്‍ മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ

 

ദുബൈ: യുഎഇയിൽ പ്രവാസിക്ക് മോഷണക്കേസില്‍ മൂന്ന് മാസം തടവും നാടുകടത്തലും ശിക്ഷ. ഹോട്ടലില്‍ താമസിക്കാനെത്തിയ ഒരു കനേഡിയന്‍ പൗരന്റെ വാച്ച് മോഷ്ടിച്ചതിനെ തുടര്‍ന്നാണ് നടപടി. ഡയമണ്ട് പതിച്ച ഈ വാച്ചിന് ഏതാണ്ട് 50,000 ഡോളര്‍ വിലയുണ്ടായിരുന്നു.

ഇക്കഴിഞ്ഞ മേയ് മാസത്തിസലായിരുന്നു സംഭവം. ഹോട്ടലിലെത്തിയ അതിഥി മദ്യ ലഹരിയിലായിരുന്നതിനാല്‍ അവസരം ഉപയോഗപ്പെടുത്തിയാണ് പ്രതി മോഷണത്തിന് മുതിര്‍ന്നത്. വാച്ച് നഷ്ടമായ വിവരം തൊട്ടടുത്ത ദിവസമാണ് ഉടമ മനസിലാക്കിയത്. ഉടന്‍ തന്നെ ഹോട്ടല്‍ മാനേജ്‍മെന്റിനെ വിവരം അറിയിച്ചു. രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ ചേര്‍ന്നാണ് തന്നെ മുറിയില്‍ എത്തിച്ചതെന്നും ഇയാള്‍ പറഞ്ഞു.

ഹോട്ടലിലെ സെക്യൂരിറ്റി ഡയറക്ടറുടെ നേതൃത്വത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ മോഷണം അതില്‍ വ്യക്തമായിരുന്നു. മദ്യലഹരിയിലായിരുന്ന വിദേശിയെ മുറിയിലേക്ക് പിടിച്ചുകൊണ്ടുവരുന്ന സമയം കോറിഡോറില്‍ വെച്ച് അയാളുടെ വാച്ച് അഴിഞ്ഞു വീഴുന്നതും സെക്യൂരിറ്റി ജീവനക്കാരന്‍ അത് എടുത്തുകൊണ്ട് പോകുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതോടെ ഹോട്ടലിലെ സെക്യൂരിറ്റി ഡയറക്ടര്‍ പൊലീസില്‍ പരാതി നല്‍കി.

പൊലീസ് സ്ഥലത്തെത്തി ഇയാളുടെ മുറിയില്‍ പരിശോധന നടത്തിയപ്പോള്‍ വാച്ച് കണ്ടെടുക്കുകയും ചെയ്‍തു. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പണത്തിന് ആവശ്യമുണ്ടായിരുന്നതിനാലാണ് മോഷണം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി, ഇയാള്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷയും അത് പൂര്‍ത്തിയായ ശേഷം നാടുകടത്താനും ഉത്തരവിട്ടു.