അനധികൃത മത്സ്യബന്ധനം നടത്തിയ എട്ട് പ്രവാസി തൊഴിലാളികൾ പിടിയിൽ
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ അനധികൃത മത്സ്യബന്ധനം നടത്തിയതിന് എട്ട് പ്രവാസി തൊഴിലാളികൾ പിടിയിലായി.ലൈസൻസ് ഇല്ലാത്ത ബോട്ടിലാണ് ഇവർ മത്സ്യബന്ധനം നടത്തിയത്. അറസ്റ്റിലായവർക്ക് ഈ തൊഴിൽ ചെയ്യാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് ദോഫാർ ഗവർണറേറ്റിലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
ഹാസിക് നിയാബതിനടുത്ത് ഫിഷറീസ് കൺട്രോൾ ടീം നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ലൈസൻസ് ഇല്ലാതെ ജോലിയിൽ ഏർപ്പെടുക, നിരോധിത മത്സ്യബന്ധന രീതി അവലംബിക്കുക, അനധികൃത ഉപകരണങ്ങൾ കൈവശംവെക്കുക, നിരോധിത മേഖലകളിലും അനുവദനീയമല്ലാത്ത സമയത്തും മത്സ്യബന്ധനം നടത്തുക, ബോട്ടുകളിലും യാനങ്ങളിലും നമ്പർ പ്ലേറ്റ് സ്ഥാപിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ നടക്കുന്നത് തടയാൻ നിരന്തര പരിശോധനയാണ് അധികൃതർ നടത്തുന്നത്.