സൗദിയിലെ ഹൈവേകളില്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രചാരണം; വിശദീകരണവുമായി ഗതാഗത മന്ത്രാലയം

ടോള്‍ ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സൗദി ഗതാഗത മന്ത്രാലയം വക്താവ് വ്യക്തമാക്കി. 
 
ടോള്‍ പിരിവിനായി സ്വകാര്യ ഏജന്‍സികളെ ഉള്‍പ്പെടെ ഉപയോഗിക്കും എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്.

സൗദി അറേബ്യയിലെ ഹൈവേകളില്‍ അടുത്ത വര്‍ഷം മുതല്‍ ടോള്‍ ഏര്‍പ്പെടുത്തുമെന്ന ഒരു വാര്‍ത്ത അടുത്ത കാലത്തായി വ്യാപകമായി പ്രചരിച്ചിരുന്നു. ടോള്‍ പിരിവിനായി സ്വകാര്യ ഏജന്‍സികളെ ഉള്‍പ്പെടെ ഉപയോഗിക്കും എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കൊന്നും വാസ്തവവുമായി യാതൊരു ബന്ധവുമില്ലെന്ന വിശദീകരണവുമായി ഇപ്പോള്‍ ഭരണകൂടം തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ടോള്‍ ഏര്‍പ്പെടുത്തുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സൗദി ഗതാഗത മന്ത്രാലയം വക്താവ് വ്യക്തമാക്കി. 

പൊതുഗതാഗത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് വളരെ വിശ്വസനീയമായ രീതിയിലാണ് സമൂഹമാധ്യമങ്ങളിലും മറ്റും വാര്‍ത്ത പ്രചരിച്ചിരുന്നത്. പ്രധാന ഹൈവേകളിലെല്ലാം തന്നെ അടുത്ത വര്‍ഷം മുതല്‍ ടോള്‍ പിരിവ് ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരെ കൂടി ഉദ്ധരിച്ചുകൊണ്ട് വാര്‍ത്തയിലുണ്ടായിരുന്നത്.