അബുദാബി ഗോള്‍ഡന്‍ വീസ ഇനി പത്തു വര്‍ഷം

ഗോള്‍ഡന്‍ വീസ ഉടമകളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രായഭേദമേന്യ തുല്യ കാലയളവിലേക്ക് വീസ കിട്ടും.
 

ഗോള്‍ഡന്‍ വീസ കാലാവധി അബുദാബിയില്‍ പത്തുവര്‍ഷമാക്കി ഏകീകരിച്ചു. വിവിധ ഭാഗങ്ങളിലെ ആഗോള വിദഗ്ധര്‍ക്കും ബിസിനസുകാര്‍ക്കും 5,10 വര്‍ഷ കാലാവധിയുള്ള രണ്ടു ഇനം ദീര്‍ഘകാല വീസകളാണ് നേരത്തെ നല്‍കിയിരുന്നത്.
മികച്ച വിദ്യാര്‍ത്ഥികള്‍ക്കും അഞ്ചിനു പകരം പത്തു വര്‍ഷത്തേക്ക് വീസ ലഭിക്കും. ഗോള്‍ഡന്‍ വീസ ഉടമകളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രായഭേദമേന്യ തുല്യ കാലയളവിലേക്ക് വീസ കിട്ടും.
അബുദാബി റസിഡന്റ്‌സ് ഓഫീസിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വീസ കാലാവധി ഏകീകരിച്ചതെന്ന് ഡയറക്ടര്‍ മാര്‍ക്ക് ദോര്‍സി അറിയിച്ചു.
വ്യത്യസ്ത മേഖലകളിലെ വിദഗ്ധരെയും ഗവേഷകരേയും നിക്ഷേപകരേയും യുഎഇയിലേക്കു ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ദീര്‍ഘകാല വീസകള്‍ നല്‍കിവരുന്നത്.ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപകര്‍, സംരഭകര്‍, കലാ, കായിക താരങ്ങള്‍ തുടങ്ങി ഒട്ടേറെ വിഭാഗക്കാര്‍ക്ക് ഗോള്‍ഡന്‍ വീസ നല്‍കിവരുന്നു.