ദുബായില്‍ ഗതാഗത പരിശോധന ശക്തം: നിയമം ലംഘിച്ച 35,928 ഇ-ബൈക്കുകളും സൈക്കിളുകളും കണ്ടുകെട്ടി

നിയമം ലംഘിച്ചവര്‍ക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം മറ്റ് കര്‍ശന നിയമനടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.

 

സൈക്ലിംഗ് ട്രാക്കുകള്‍, പ്രധാന റോഡുകള്‍, പ്രത്യേക യാത്രാ മേഖലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇത്രയധികം വാഹനങ്ങള്‍ കണ്ടുകെട്ടിയത്.

ദുബായില്‍ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും അശ്രദ്ധമായ യാത്രകള്‍ തടയുന്നതിനുമായി ഗതാഗത പരിശോധനകള്‍ ശക്തമാക്കി അധികൃതര്‍. ദുബായ് പൊലീസും റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും (ആര്‍ടിഎ) സംയുക്തമായി നടത്തിയ പരിശോധനയില്‍ 35,928 ഇ-സ്‌കൂട്ടറുകളും സൈക്കിളുകളും ഇ-ബൈക്കുകളും പിടിച്ചെടുത്തു. സൈക്ലിംഗ് ട്രാക്കുകള്‍, പ്രധാന റോഡുകള്‍, പ്രത്യേക യാത്രാ മേഖലകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് ഇത്രയധികം വാഹനങ്ങള്‍ കണ്ടുകെട്ടിയത്.

അനുമതിയില്ലാത്ത ഇലക്ട്രിക് സൈക്കിളുകളും മോട്ടോര്‍ സൈക്കിളുകളും ഉപയോഗിക്കല്‍, നിശ്ചയിച്ചിട്ടുള്ള സൈക്ലിംഗ് ട്രാക്കുകള്‍ക്ക് പുറത്തുകൂടി വാഹനമോടിക്കല്‍, അമിതവേഗത, എതിര്‍ദിശയിലൂടെയുള്ള സഞ്ചാരം, ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ മറ്റൊരാളെക്കൂടി കയറ്റിയുള്ള യാത്ര എന്നീ നിയമലംഘനങ്ങള്‍ക്കാണ് നടപടിയെടുത്തത്. നിയമം ലംഘിച്ചവര്‍ക്കെതിരെ പിഴ ചുമത്തുന്നതിനൊപ്പം മറ്റ് കര്‍ശന നിയമനടപടികളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്.