കുവൈത്തില്‍ നിന്ന് ഒറ്റദിവസം നാടുകടത്തിയത് 329 പ്രവാസികളെ

നാടുകടത്തപ്പെടുന്നവരുടെ വിമാന ടിക്കറ്റുകള്‍ക്കായി ആദ്യം അവരുടെ സ്‌പോണ്‍സര്‍മാരെ ബന്ധപ്പെടും.

 

വിവിധ രാജ്യക്കാരായ 173 സ്ത്രീകളും 156 പുരുഷന്മാരും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നു

കുവൈത്തില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ച 329 പ്രവാസികളെ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നാടുകടത്തിയതായി  സുരക്ഷാ വൃത്തങ്ങള്‍ വെളിപ്പെടുത്തി. താമസ നിയമങ്ങള്‍ ലംഘിച്ചതിന് പബ്ലിക് സെക്യൂരിറ്റി അധികൃതര്‍ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയവരും, മയക്കുമരുന്ന് അല്ലെങ്കില്‍ മദ്യം കൈവശം വെച്ചതിന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ കോംബാറ്റിംഗ് ഡ്രഗ്സ് റഫര്‍ ചെയ്തവരും നാടുകടത്തിയവരില്‍ ഉള്‍പ്പെടുന്നുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

വിവിധ രാജ്യക്കാരായ 173 സ്ത്രീകളും 156 പുരുഷന്മാരും ഈ സംഘത്തില്‍ ഉള്‍പ്പെടുന്നു. നാടുകടത്തപ്പെടുന്നവരുടെ വിമാന ടിക്കറ്റുകള്‍ക്കായി ആദ്യം അവരുടെ സ്‌പോണ്‍സര്‍മാരെ ബന്ധപ്പെടും. സ്‌പോണ്‍സര്‍മാര്‍ ടിക്കറ്റുകള്‍ നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍, മന്ത്രാലയം നാടുകടത്തല്‍ നടപടികളുമായി മുന്നോട്ട് പോവുകയും ടിക്കറ്റിന്റെ തുക തിരികെ നല്‍കുന്നത് വരെ സ്‌പോണ്‍സര്‍മാരുടെ അപേക്ഷകള്‍ തടഞ്ഞുവെച്ച് അവരെ പിന്നീട് ഉത്തരവാദികളാക്കുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.