2024ല്‍  ദുബായ് റോഡുകളില്‍ അപകടങ്ങളില്‍ മരിച്ചത് 18 ഡെലിവറി റൈഡര്‍മാര്‍

2024 ല്‍ ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെട്ട 77,227 ട്രാഫിക് ലംഘനങ്ങള്‍ ദുബായ് പോലീസ് രേഖപ്പെടുത്തി

 

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 181 ഡെലിവറി റൈഡര്‍മാര്‍ റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റതായും ദുബായ് പോലീസ് അറിയിച്ചു

ദുബായില്‍ ഡെലിവറി ബൈക്കുകള്‍ ഉള്‍പ്പെട്ട അപകടങ്ങളും മരണങ്ങളും വലിയ തോതില്‍ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇതുവരെ 18 ഡെലിവറി റൈഡര്‍മാര്‍ ദുബായ് റോഡുകളില്‍ അപകടങ്ങളില്‍ മരിച്ചതായി പോലീസ് ബോധവല്‍ക്കരണ വീഡിയോയില്‍ അറിയിച്ചു.

2024 ല്‍ ഡെലിവറി മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെട്ട 77,227 ട്രാഫിക് ലംഘനങ്ങള്‍ ദുബായ് പോലീസ് രേഖപ്പെടുത്തി. 2023 ല്‍ ഇത് 60,471 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ട്രാഫിക് അപകടങ്ങളില്‍ കൊല്ലപ്പെട്ട ഡെലിവറി റൈഡര്‍മാരുടെ എണ്ണം 18 തന്നെയായിരുന്നു. ഈ വര്‍ഷം അവസാനിക്കാന്‍ ഒരു മാസത്തിലേറെ ബാക്കി നില്‍ക്കുന്ന സമയത്താണിത്. ട്രാഫിക് നിയമങ്ങള്‍ അനുസരിക്കാന്‍ ഡെലിവറി റൈഡര്‍മാരെ പ്രേരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ചാനലുകളിലെ ബോധവല്‍ക്കരണ കാമ്പെയ്ന്‍ വീഡിയോയിലാണ് ദുബായ് പോലീസ് ഈ സ്ഥിതിവിവരക്കണക്ക് എടുത്തുകാണിച്ചത്. രാജ്യത്ത് വര്‍ധിച്ചുവരുന്ന ബൈക്ക് അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കാമ്പെയിന്‍.

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 181 ഡെലിവറി റൈഡര്‍മാര്‍ റോഡപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റതായും ദുബായ് പോലീസ് അറിയിച്ചു. ബൈക്ക് ഓടിച്ചുകൊണ്ടിരിക്കെ റൈഡര്‍മാര്‍ നടത്തുന്ന പെട്ടെന്നുള്ള തിരിവുകള്‍, റൈഡിങ്ങിനിടയിലെ ശ്രദ്ധ തിരിയല്‍, മറ്റു വാഹനങ്ങള്‍ക്ക് തൊട്ടടുത്തുകൂടിയുള്ള ഓവര്‍ടേക്ക് എന്നിവ മൂലമാണെന്ന് ഈ അപകടങ്ങളില്‍ കൂടുതല്‍ ഉണ്ടാവുന്നതെന്ന് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു. പൊലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.