ഒരാഴ്ചയ്ക്കിടെ 14,260 പ്രവാസികള്‍ സൗദിയില്‍ പിടിയില്‍

പിടിയിലായവരില്‍ 6,900 പേര്‍ ഇഖാമ (താമസരേഖ) നിയമലംഘകരും, 3,982 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരും, 3,378 പേര്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്തവരുമാണ്

 

അതിര്‍ത്തി വഴി സൗദിയില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച 38 പേരും സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി.

സൗദി അറേബ്യയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ സുരക്ഷാ സേന പരിശോധന ശക്തമാക്കി. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ആഗസ്റ്റ് 13 മുതല്‍ 19 വരെയുള്ള കാലയളവില്‍ വിവിധ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനകളില്‍ 14,260-ഓളം നിയമലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പിടിയിലായവരില്‍ 6,900 പേര്‍ ഇഖാമ (താമസരേഖ) നിയമലംഘകരും, 3,982 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചവരും, 3,378 പേര്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കാത്തവരുമാണ്. രാജ്യത്തേക്ക് അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ 1,524 പേരെയാണ് സുരക്ഷാസേന പിടികൂടിയത്. ഇവരില്‍ 63 ശതമാനം പേര്‍ ഇത്യോപ്യന്‍ പൗരന്മാരും 36 ശതമാനം പേര്‍ യമന്‍ പൗരന്മാരുമാണ്.

അതിര്‍ത്തി വഴി സൗദിയില്‍നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച 38 പേരും സുരക്ഷാ വിഭാഗത്തിന്റെ പിടിയിലായി. കൂടാതെ, നിയമലംഘകര്‍ക്ക് അനധികൃതമായി താമസസൗകര്യം ഒരുക്കുക, ഗതാഗതസൗകര്യം നല്‍കുക, ജോലിക്ക് നിര്‍ത്തുക, വിവരങ്ങള്‍ മറച്ചുവെക്കുക തുടങ്ങിയ കുറ്റങ്ങളില്‍ ഏര്‍പ്പെട്ട 42 പേരെയും അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.