രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ജനുവരി 20 മുതൽ
രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ജനുവരി 20 മുതൽ നടക്കും. സഭാസമ്മേളനം ജനുവരി 20ന് വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.ജനുവരി 20ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. 29നാണ് ബഡ്ജറ്റ്. 15ാം കേരള നിയമസഭയുടെ 16ാം സമ്മേളനമാണിത്.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സാംസ്‌കാരിക നിലയങ്ങളിലും പഞ്ചായത്ത് ലൈബ്രറികളിലും ശിശു മന്ദിരങ്ങളിലും നഴ്സറി സ്‌കൂളുകളിലും ഓണറേറിയം/ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. പതിനൊന്നിന പരിപാടിയുടെ ഭാഗമായോ അല്ലാതെയോ നിയമനം ലഭിച്ചവരും നിലവിൽ പത്തോ അതിലധിമോ വർഷമായി തുടർച്ചയായി പ്രവർത്തിച്ചു വരുന്നരെയുമാണ് സ്ഥിരപ്പെടുത്തുക.
ലൈബ്രേറിയൻ, നഴ്സറി ടീച്ചർ, ആയ എന്നീ വിഭാഗങ്ങളിൽപ്പെട്ടവരെ പാർട്ട് ടൈം കണ്ടിൻജന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തും. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച് വഴി താൽക്കാലികമായി നിയോഗിച്ച് ഓണറേറിയം/ ദിവസ വേതന രീതിയിലേക്ക് മാറ്റിയവർ ഉൾപ്പെടെയുള്ളവർക്കും ഈ ആനുകൂല്യം ലഭിക്കും. കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികളും ഉൾപ്പെടെ 159 തസ്തികകൾ സൃഷ്ടിക്കും. ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ 12 സയന്റിഫിക് ഓഫീസർ തസ്തികകൾ സൃഷ്ടിക്കും. ബയോളജി വിഭാഗത്തിൽ 3 കെമിസ്ട്രി വിഭാഗത്തിൽ 4, ഡോക്യുമെന്റ്സ് വിഭാഗത്തിൽ 5 എന്നിങ്ങനെയാണ് തസ്തികകൾ.