കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്ന് പിണറായി ; കാറിൽ ആളെ കയറ്റുമ്പോൾ സൂക്ഷിച്ച് വേണമെന്ന് വി ഡി സതീശൻ

കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ കേരളയാത്രയുടെ സമാപന വേദിയിൽ മുഖ്യമന്ത്രി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ   ഭരണ-പ്രതിപക്ഷ നേതാക്കൾ
 

 തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ കേരളയാത്രയുടെ സമാപന വേദിയിൽ മുഖ്യമന്ത്രി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്റെ പേരിൽ   ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ വാക്പോര്. കഴിഞ്ഞ പത്തു വർഷമായി കേരളത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടപ്പോൾ, വിദ്വേഷം പ്രസംഗിക്കുന്നവരെ ഒപ്പം കൂട്ടുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരോക്ഷമായി മറുപടി നൽകി.

ഒരുകാലത്ത് വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച കേരളത്തിൽ കഴിഞ്ഞ പത്തു വർഷമായി അത്തരം സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാറാട് കലാപം അടക്കമുള്ള മുൻകാല സംഭവങ്ങൾ അദ്ദേഹം പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ഒരു തരത്തിലുള്ള വർഗീയതയെയും പ്രീണിപ്പിക്കാൻ സർക്കാർ തയ്യാറല്ല. ഭൂരിപക്ഷ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ വർഗീയതയെ കൂട്ടുപിടിക്കുന്നത് വിനാശകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാത്തരം വർഗീയതകളോടും കർക്കശമായ നിലപാട് തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ വേദിയിലിരുത്തിക്കൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം. അടുത്തിടെ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി തന്റെ കാറിൽ ഒപ്പം കൂട്ടിയതിനെ സതീശൻ പരോക്ഷമായി പരിഹസിച്ചു. മതേതരത്വം പ്രസംഗിക്കാൻ എളുപ്പമാണെന്നും എന്നാൽ അത് പ്രവർത്തിയിൽ കാണിക്കണമെന്നും സതീശൻ പറഞ്ഞു. മറ്റുള്ളവരെ കാറിൽ കയറ്റുമ്പോൾ അവർ വിദ്വേഷം പ്രചരിപ്പിക്കുന്നവരല്ല എന്ന് ഉറപ്പുവരുത്തണം. ഒരു വശത്ത് മതേതരത്വം പറയുകയും മറുവശത്ത് വിദ്വേഷം പ്രസംഗിക്കുന്നവരെ ആദരിക്കുകയും ചെയ്യുന്നത് ശരിയല്ല. അത്തരക്കാരെ ഒപ്പം കൂട്ടുന്നതിൽ ജാഗ്രത വേണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഒരു മണിക്കൂർ സമയം    പേപ്പറിൽ എഴുതിയ ഉന്നം വച്ച പ്രസംഗം പിണറായി വിജയൻ നടത്തിയത്  സദസ്സിനെയും മൗനത്തിൽ ആക്കി, തുടർന്ന് വിഡി സതീശൻ  പ്രസംഗം ആരംഭിച്ചപ്പോൾ  സദസ്സ്  ആവേശഭരിതമായതും പിണറായി വിജയന്റെ പ്രസംഗത്തിലെ നീരസം വ്യക്തമാക്കുന്നതായിരുന്നു.