തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമല്ല ; മുഹമ്മദ് റിയാസ്

 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്തമായ വോട്ടിങ് രീതിയാണ്
 

 തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭരണവിരുദ്ധ വികാരത്തിന്റെ പ്രതിഫലനമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്തമായ വോട്ടിങ് രീതിയാണ് ജനങ്ങൾ സ്വീകരിക്കുന്നത്. വികസനവും ക്ഷേമപ്രവർത്തനങ്ങളും ജനങ്ങൾക്കിടയിൽ എത്തിക്കുന്നതിൽ എന്തെങ്കിലും പോരായ്മകൾ സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിനെ പരിഹസിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. "കനുഗോലു അല്ല ഏത് കോലു വന്നാലും ജനങ്ങളുമായുള്ള ബന്ധമാണ് പ്രധാനം. നാട്ടിലെ സാധാരണക്കാരുമായി സംവദിച്ചാണ് താൻ മുന്നോട്ട് പോകുന്നത്. കനുഗോലു ചെയ്യുന്നത് അയാളുടെ ജോലിയാണ്, അയാളുടെ കഞ്ഞികുടി മുട്ടിക്കാൻ താനില്ല" - റിയാസ് വ്യക്തമാക്കി.

​മണ്ഡല പുനർവിഭജനവും വിജയപ്രതീക്ഷയും മണ്ഡല പുനർവിഭജനത്തിന് ശേഷം നടന്ന കണക്കെടുപ്പുകൾ പ്രകാരം എൽഡിഎഫിന് 68 സീറ്റുകൾ ഉറപ്പാണെന്ന് റിയാസ് അവകാശപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടാണ് കേരളം എപ്പോഴും സ്വീകരിക്കുന്നത്. 'മിഷൻ 110' എന്ന ലക്ഷ്യം എൽഡിഎഫിന് പ്രയാസമില്ലാതെ നേടാനാകും. യുഡിഎഫ് പ്രവർത്തകർക്ക് പോലും കേരളത്തിൽ എൽഡിഎഫ് ഭരണം വേണമെന്ന് ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ​ബേപ്പൂർ മണ്ഡലത്തിൽ പി.വി അൻവറിനെ സ്ഥാനാർത്ഥിയാക്കുമോ എന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്നായിരുന്നു മന്ത്രിയുടെ മറുപടി. എൽഡിഎഫ് മന്ത്രിമാർ ജനങ്ങൾക്കൊപ്പമാണെന്നും ആർക്കും കൊമ്പില്ലെന്നും റിയാസ് ഓർമ്മിപ്പിച്ചു.