കെ.സി.വേണുഗോപാലിന്റെ രാഷ്ട്രീയ ചരിത്രം ചര്‍ച്ച ചെയ്ത് കേരളം; പുതുതലമുറയ്ക്ക് വിസ്മയം
രാഷ്ട്രീയത്തില്‍ വിമര്‍ശനത്തേക്കാള്‍ മൂര്‍ച്ചയുള്ള ആയുധമാണ് പരിഹാസം. തങ്ങള്‍ക്ക് ഭീഷണിയാവുന്ന എതിര്‍പക്ഷ നേതാക്കളുടെ ആത്മവിശ്വാസവും പ്രതിച്ഛായയും തകര്‍ക്കാന്‍ ബിജെപിയും സിപിഎമ്മും സ്ഥിരമായി ആ ആയുധം പ്രയോഗിക്കാറുണ്ട്. കരുത്തരായ എതിരാളികളെ പരിഹസിച്ച് പരിഹസിച്ച് ജനമധ്യത്തില്‍ അപഹാസ്യരാക്കുകയാണ് അവരുടെ ലക്ഷ്യം.
തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ വിമര്‍ശനത്തേക്കാള്‍ മൂര്‍ച്ചയുള്ള ആയുധമാണ് പരിഹാസം. തങ്ങള്‍ക്ക് ഭീഷണിയാവുന്ന എതിര്‍പക്ഷ നേതാക്കളുടെ ആത്മവിശ്വാസവും പ്രതിച്ഛായയും തകര്‍ക്കാന്‍ ബിജെപിയും സിപിഎമ്മും സ്ഥിരമായി ആ ആയുധം പ്രയോഗിക്കാറുണ്ട്. കരുത്തരായ എതിരാളികളെ പരിഹസിച്ച് പരിഹസിച്ച് ജനമധ്യത്തില്‍ അപഹാസ്യരാക്കുകയാണ് അവരുടെ ലക്ഷ്യം.
ബീഹാറില്‍ ലാലു പ്രസാദ് യാദവിനെതിരെ ബിജെപി ആ തന്ത്രം വിജയകരമായി നടപ്പാക്കി. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് കേരളത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരെ സിപിഎം പയറ്റിയതും ബിജെപിയുടെ അതേ തന്ത്രമായിരുന്നു.
രാഹുല്‍ ഗാന്ധിക്കും കെ.സി.വേണുഗോപാലിനുമെതിരെ മാത്രമാണ് അക്കാര്യത്തില്‍ ബിജെപി പരാജയപ്പെട്ടത്. പലപല പേരുകള്‍ വിളിച്ചും, പക്വതയില്ലെന്ന് കളിയാക്കിയും രാഹുല്‍ ഗാന്ധിയെ പരമാവധി പരിഹസിക്കാന്‍ സംഘപരിവാരം സൈബര്‍ ഗ്രൂപ്പുകളുടെ സഹായത്തോടെ ശ്രമിച്ചെങ്കിലും അതു ഫലിച്ചില്ലെന്നു മാത്രമല്ല, രാഹുല്‍ കൂടുതല്‍ കരുത്തോടെ ഉദിച്ചുയരുന്നതും ജനഹൃദയങ്ങള്‍ കീഴടക്കുന്നതുമാണ് രാജ്യം കണ്ടത്.
രാഹുല്‍ ഗാന്ധിയുടെ വലംകയ്യും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലെ മൂന്നാമനുമായ കെ.സി.വേണുഗോപാലായിരുന്നു ബിജെപിയുടെ അടുത്ത ഉന്നം. രാഹുല്‍ ഗാന്ധിയെ വഴി തെറ്റിക്കുന്നയാള്‍ എന്നും, കോണ്‍ഗ്രസ്സിനെ തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് നയിക്കുന്ന നേതാവ് എന്നും സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ വേണുഗോപാലിനെതിരെ വ്യാപകമായി പ്രചരണം നടത്തി.
പക്ഷേ, കര്‍ണാടകയിലെയും തെലങ്കാനയിലെയും ഹിമാചലിലെയും മിന്നുന്ന വിജയങ്ങള്‍ കൊണ്ടാണ് കെ.സി.വേണുഗോപാല്‍ അതിന് മറുപടി നല്‍കിയത്. എന്‍ഡിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കും വിഭാഗീയനയങ്ങള്‍ക്കുമെതിരെ പാര്‍ലിമെന്റില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചും, ഭാരത് ജോഡോ യാത്രയുടെ അമരക്കാരനായും കെ.സി കൂടുതല്‍ കരുത്ത് തെളിയിച്ചതോടെ ബിജെപി തല്‍ക്കാലം അടങ്ങുകയായിരുന്നു.
ബിജെപി പയറ്റിപ്പരാജയപ്പെട്ട അതേ തന്ത്രമാണ് ഇപ്പോള്‍ കെ.സി.വേണുഗോപാലിനെതിരെ കേരളത്തില്‍ സിപിഎം പയറ്റുന്നത്. ദേശീയരാഷ്ട്രീയത്തില്‍ പരാജയപ്പെട്ട നേതാവ് എന്നു മുദ്രകുത്തി കെ.സി.വേണുഗോപാലിനെ പരിഹസിക്കാനാണ് സിപിഎം നീക്കം. അതിനു പിന്നാലെ, മുഖ്യമന്ത്രിയാവാന്‍ കെ.സി.വേണുഗോപാലിന് എന്താണ് യോഗ്യത എന്ന ചോദ്യവുമായി ചില മാധ്യമപ്രവര്‍ത്തകരും രംഗത്തു വന്നതോടെ, കെ.സി.വേണുഗോപാലിന്റെ രാഷ്ട്രീയ പ്രവര്‍ത്തന ചരിത്രം രാഷ്ട്രീയ കേരളത്തിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിക്കഴിഞ്ഞു. സുധാ മേനോനെപ്പോലുള്ള എഴുത്തുകാരും വി.ആര്‍.അനൂപിനെപ്പോലുള്ള സാംസ്‌കാരിക പ്രവര്‍ത്തകരും നിരവധി കോണ്‍ഗ്രസ് പ്രവര്‍
ത്തകരും കെ.സി.വേണുഗോപാലിന്റെ രാഷ്ട്രീയ പ്രവര്‍ത്തന പരിചയ സമ്പത്ത് അക്കമിട്ടു നിരത്തി രംഗത്തു വന്നിട്ടുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടി രാജ്യമെങ്ങും പരാജയപ്പെട്ടു നിന്ന കാലത്താണ് 7 വര്‍ഷം മുന്‍പ് കെ.സി.വേണുഗോപാല്‍ എഐസിസിയിലെ ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തതെന്ന് സുധാ മേനോന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവില്ലെന്നു കോണ്‍ഗ്രസുകാര്‍ പോലും വിധിയെഴുതി
യിരുന്നിടത്തു നിന്ന് വിജയത്തിലേക്ക് കോണ്‍ഗ്രസിനെ നയിച്ച പ്രേരകശക്തി തന്നെയായിരുന്നു സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എന്ന് നിങ്ങള്‍ അറിയണം-മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള കുറിപ്പില്‍ സുധാ മേനോന്‍ എഴുതുന്നു.
സുധാ മേനോന്റെ കുറിപ്പില്‍ നിന്ന്: ' പയ്യന്നൂരിലെ കെഎസ് യു പ്രവര്‍ത്തകനായി തുടങ്ങി കെഎസ് യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന പ്രസിഡന്റ് ആയ അദ്ദേഹത്തിന് മത്സരിക്കാന്‍ പാര്‍ട്ടി നല്കിയത് വീട് ഇരിക്കുന്നിടത്ത് നിന്ന് ഏഴെട്ട് ജില്ലകള്‍ പിന്നിട്ട് ആലപ്പുഴയിലാണ്, അതും ഇടത് കോട്ടയില്‍. ആ കോട്ട പൊളിച്ചാണ് തുടര്‍ച്ചയായി മൂന്നു തവണ നിയമസഭാംഗമായത്. 2004 ഇല്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകുമ്പോള്‍ ആ മന്ത്രിസഭയില്‍ കെ.സി വേണം എന്ന താല്പര്യം ആദരണീയനായ ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നു. പിന്നീട് ആലപ്പുഴ ലോക്‌സഭ മണ്ഡലം തിരിച്ച് പിടിക്കാനുള്ള ഉത്തരവാദിത്വം ആയിരുന്നു കെസിക്ക് നല്‍കിയത്. ആലപ്പുഴ ശക്തമായ ഇടത് കോട്ടയാണ് എന്നും കെ.സി ആയത് കൊണ്ട് മാത്രം ആണ് ആ കോട്ട പൊളിക്കാന്‍ കഴിയുന്നത് എന്നുമുള്ളതിന്റെ തെളിവാണ് 2019 -ല്‍ 19 സീറ്റും ജയിച്ചിട്ടും ആലപ്പുഴ തോറ്റതും 24-ല്‍ കെ.സി മത്സരിച്ചപ്പോള്‍ തിരിച്ച് പിടിച്ചതും.
ദേശീയ പ്രക്ഷോഭങ്ങളുടെ മുന്നണിയില്‍ നിന്ന് ജനാധിപത്യ വിശ്വാസികള്‍ക്ക് ഊര്‍ജ്ജം പകരുന്ന പോരാട്ട വീര്യം, വിദ്യാര്‍ഥി കാലം മുതല്‍ കെ.സി വേണുഗോപാലിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്. രാഷ്ട്രീയ കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ നായകനായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരുന്ന കെ.സി വേണുഗോപാല്‍. നന്ദാവനം പോലീസ് ലാത്തിച്ചാര്‍ജ്,കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നടന്ന മാര്‍ക്ക് ദാനത്തിനെതിരെയുള്ള പ്രക്ഷോഭം,രക്തരൂക്ഷിതവും മരണത്തെ നേര്‍ക്കുനേര്‍ സന്ധിച്ച കൊല്ലം എസ്പി ഓഫീസ് മാര്‍ച്ച് അങ്ങനെ എണ്ണിയാലൊടുങ്ങാത്ത തീക്ഷണ സമര സ്മരണകളുടെ കഥപറയുന്ന ഏടുകളാണ് പഴയകാല കെ.സിയുടെ കെഎസ് യു-യൂത്ത് കോണ്‍ഗ്രസ് കാലത്തെ പൊതുജീവിതത്തില്‍ കണ്ണോടിച്ചാല്‍ കാണാന്‍ കഴിയുക. അതുപോലെ കേരള നിയമസഭയിലും ലോക്സഭയിലും രാജ്യസഭയിലും ജനകീയ പ്രശ്നങ്ങള്‍ ഉയര്‍ത്തി അദ്ദേഹം ഒരുപോലെ ശോഭിച്ചു. മികച്ച പാര്‍ലമെന്റേറിയനായി ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഭരണപക്ഷത്തെ അദ്ദേഹം പ്രതിരോധ മുനയില്‍ നിര്‍ത്തി. അധികാര സ്ഥാനങ്ങളില്‍ ഇല്ലാത്തപ്പോഴും ഈ നാടിനും സംസ്ഥാന, ദേശീയ താത്പര്യങ്ങള്‍ക്കും വേണ്ടി പോരാളിയുടെ വീര്യത്തോടെ എന്നും പ്രവര്‍ത്തിച്ചിട്ടുണ്ട് കെ.സി വേണുഗോപാല്‍.
ഭരണചക്രത്തിലും സമരമുഖത്തും മാത്രമല്ല, സംഘാടനത്തിലെ മികവ് കൊണ്ടും കെ.സി വേറിട്ട് നിന്നു. കര്‍ണ്ണാടക, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, തെലുങ്കാന ഉള്‍പ്പെടെയുള്ള സര്‍ക്കാരുകളുടെ രൂപീകരണത്തില്‍ മുഖ്യപങ്ക് വഹിച്ചത് കെ.സിയായിരുന്നു. പണമൊഴുക്കിയും ഭീഷണിപ്പെടുത്തിയും ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കുന്ന കാലത്തും തളരാതെ മുന്നോട്ടുപോകാന്‍ കെ.സിക്ക് സാധിക്കുന്നുവെന്നത് ചെറിയ കാര്യമല്ല. രാഷ്ട്രീയ എതിരാളികളെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുന്നതിനെതിരെ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രക്ഷോഭം, പൗരത്വഭേദഗതി നിയമ ഭേദഗതിക്കെതിരായ പ്രതിരോധം, രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം സസ്‌പെന്‍ഡ് ചെയ്തതിനെതിരായ രാജ്യവ്യാപക പ്രക്ഷോഭം, അസമിലെ ബിജെപി സര്‍ക്കാര്‍ ഭാരത് ജോഡോ യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയാണ് കെ.സി വേണുഗോപാല്‍ മോദി സര്‍ക്കാറിന്റെ കണ്ണിലെ കരടായി മാറിയത്.
വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ പുതുചരിത്രമെഴുതി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ നാലായിരം കിലോമീറ്ററോളം രാഹുല്‍ഗാന്ധി പദയാത്രയായി സഞ്ചരിച്ച 'ഭാരത് ജോഡോ യാത്ര' യുടെ മുഖ്യ സംഘാടകനും നിങ്ങള്‍ യോഗ്യത ഇല്ലെന്നു പറയുന്ന കെ.സി വേണുഗോപാലായിരുന്നു. വൈവിധ്യങ്ങളിലൂടെയും ബഹുസ്വരതയിലൂടെയും ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് ഒരു മനുഷ്യന്‍ കാല്‍നടയായി സഞ്ചരിച്ച, കോണ്‍ഗ്രസിനെയും രാജ്യത്തെയും വീണ്ടെടുക്കാനുള്ള രാഷ്ട്രീയ മുന്നേറ്റത്തിലേക്ക് വഴിയൊരുക്കിയ ബുദ്ധികേന്ദ്രം. നൂറുദിവസത്തോളം ഒപ്പം നടന്ന് കെ.സിയും യാത്രയെ സജീവമാക്കി. മണിപ്പൂരില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് രാഹുല്‍ഗാന്ധി നയിച്ച 'ഭാരത് ജോഡോ ന്യായ് യാത്ര'യുടെ പ്രധാന ആസൂത്രകനും കെ.സി തന്നെ. തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസിന്റെ ബലവും അടിത്തറയും രൂപപ്പെടുത്തിയതില്‍ ഈ ചരിത്രയാത്രകളുടെ പങ്ക് ചെറുതല്ല.
സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ മൂന്ന് എഐസിസി പ്രസിഡന്റുമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ച പരിചയ സമ്പത്തുമായാണ് കെ.സി വേണുഗോപാല്‍ ദേശീയ രാഷ്ട്രീയത്തിലെ മുന്നണി സംവിധാനത്തിന് ചുക്കാന്‍ പിടിക്കുന്നത്. 'ഇന്ത്യ'മുന്നണിയുടെ പ്രധാന സംഘാടകനും ആസൂത്രകനും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം. 26 പ്രതിപക്ഷ പാര്‍ട്ടികളെ ഒരേ വേദിയില്‍ അണിനിരത്തിയ മാസ്റ്റര്‍ മൈന്‍ഡ്. ഒരു പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ പോലും കൃത്യമായി പരിഹരിക്കാന്‍ കഴിയാത്തവര്‍ അത്ഭുതത്തോടെ നോക്കിക്കാണുകയായിരുന്നു കെസി വേണുഗോപാലിനെ. തെരഞ്ഞെടുപ്പെത്തും മുന്നേ അടിച്ചുപിരിയുമെന്ന് സകലരും സ്വപ്നം കണ്ട ഇന്ത്യാ മുന്നണിയെ കൃത്യമായ സീറ്റ് വിഭജനത്തിലൂടെയും നയങ്ങളിലൂടെയും കരയ്ക്കടുപ്പിച്ചത് അതേ സംഘാടനാ പാടവം തന്നെയായിരുന്നു എന്ന് നിങ്ങള്‍ അറിയണം.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, എന്‍സിപി നേതാവ് ശരദ് പവാര്‍, ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് മുതല്‍ കാശ്മീരിലെ ഫാറൂഖ് അബ്ദുള്ളയും മെഹബൂബ മുഫ്ത്തിയും വരെ നീളുന്ന നേതാക്കളുമായുള്ള ദൃഢബന്ധവും ഏതു സമയത്തും അവരുമായി പ്രശ്‌ന പരിഹാരത്തിനും പരിപാടികള്‍ ഏകോപിപ്പിക്കാനുമുള്ള വ്യക്തിബന്ധവും വേണുഗോപാലിന്റെ നയതന്ത്ര മികവിനു തെളിവാണ്. കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദവും അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഭീഷണിയും അതിജീവിച്ചാണ് ഇതിനു നേതൃത്വം നല്‍കുന്നത് എന്നതും ചെറിയ കാര്യമല്ല. ഇടത്തും വലത്തും നിന്ന പലരുടെയും ചിറകുകള്‍ കേന്ദ്ര സര്‍ക്കാര്‍ അരിഞ്ഞപ്പോഴും പലരും ആത്മരക്ഷാര്‍ത്ഥം കൂറുമാറിയപ്പോഴും തന്റെ നിലപാടിലും കാഴ്ചപ്പാടിലും തരിമ്പ് പോലും മാറ്റം വരുത്താന്‍ കെ.സി വേണുഗോപാല്‍ തയ്യാറായില്ലെന്ന് കാണാം. ഇന്നത്തെ ദേശീയ രാഷ്ട്രീയത്തില്‍ അപൂര്‍വം ചിലര്‍ക്ക് മാത്രം സാധ്യമാവുന്ന കാര്യമാണിത്.
അഞ്ചുവര്‍ഷം മുമ്പ് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി എഐസിസിയുടെ തലപ്പത്തേക്ക് എത്തുമ്പോള്‍ തകര്‍ന്നു തരിപ്പണമായിക്കിടന്നിരുന്ന കോണ്‍ഗ്രസില്‍ നിന്ന് ഇന്ന് ഏത് അതിശക്തനേയും മലര്‍ത്തിയടിക്കാനുള്ള ആത്മവിശ്വാസത്തിലേക്ക് കോണ്‍ഗ്രസ് വളര്‍ന്നെങ്കില്‍ അതിന് പുറകിലും ഇതേ കെ.സിയാണ്. ഏത് തോല്‍വിയിലും നിരാശപ്പെടുകയോ അസ്വസ്ഥനാകുകയോ ചെയ്യാതെ 100% ആത്മാര്‍ത്ഥതയോടെ സ്വന്തം കര്‍ത്തവ്യം നിര്‍വ്വഹിക്കുന്ന ഈ മനുഷ്യന്‍ പരാജയങ്ങളുടെ മാത്രം അവകാശിയായി മാറുമ്പോഴും ഈ സംഘാടന മികവില്‍ ഭാരത് ജോഡോ യാത്രകളും ചിന്തന്‍ ശിബിറും പ്ലീനറിയും തെരഞ്ഞെടുപ്പുമൊക്കെ വിജയകരമായി കടന്നുപോയി.
ജനാധിപത്യ, മതേതര ഇന്ത്യയ്ക്കുവേണ്ടി വര്‍ഗീയ ശക്തികളോടും കുത്തകകളോടും സന്ധിയില്ലാതെ പോരാടുന്ന രാഹുല്‍ഗാന്ധിയുടെ വലംകൈയും രാജ്യം ഉറ്റുനോക്കുന്ന ദേശീയ നേതാവുമായ കെസി വേണുഗോപാല്‍ ആലപ്പുഴയിലെ മത്സരത്തെ സംബന്ധിച്ച് വ്യക്തിപരമായി ആക്രമിക്കപ്പെട്ടത് നമ്മുടെ കണ്‍മുന്നിലുണ്ട്. ഒട്ടും നിസ്സാരനല്ലാത്ത എതിരാളിയില്‍ നിന്ന് ആലപ്പുഴ തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന്റെ മുന്നിലുണ്ടായിരുന്ന ഏക വഴി കെ.സിയുടെ സ്ഥാനാര്‍ത്ഥിത്വമായിരുന്നു. അമേത്തിയിലും റായ്ബറേലിയിലും നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലും തുടങ്ങി വടകരയില്‍ വരെ 'സര്‍പ്രൈസ്' സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച രാഷ്ട്രീയ ചാണക്യന്‍ വ്യക്തിഹത്യകള്‍ ഭയക്കാതെ സ്വയം ആലപ്പുഴയിലെ അങ്കത്തട്ടിലേക്കിറങ്ങുകയായിരുന്നു. ലോക്സഭയില്‍ പരമാവധി അംഗങ്ങളെ ഒറ്റയ്ക്ക് വിജയിപ്പിക്കുക എന്ന കോണ്‍ഗ്രസ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് വേണുഗോപാല്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചത്. ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ഒറ്റകക്ഷിയെയാണ് രാഷ്ട്രപതി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുക എന്നതുകൊണ്ട് തന്നെ കോണ്‍ഗ്രസിനും ഇന്ത്യയ്ക്കും വേണ്ടി കളത്തിലിറങ്ങാതിരിക്കാന്‍ കെസിക്ക് ആകുമായിരുന്നില്ല.
പാര്‍ലമെന്റില്‍ ന്യൂനപക്ഷ അവകാശങ്ങള്‍ക്കും, ഭരണഘടനാ സംരക്ഷണത്തിനും വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ഇന്ത്യയിലെ തന്നെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് ഇന്നദ്ദേഹം.തിരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതിത്വം മുതല്‍
ഇന്ത്യയുടെ മതേതരത്വം തകര്‍ക്കാനുള്ള ബി.ജെ.പി-ആര്‍.എസ്.എസ് അജണ്ടകള്‍ വരെ പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായി എതിര്‍ത്ത ഒരാള്‍.ന്യുനപക്ഷ പീഡനങ്ങളും തൊഴിലുറപ്പ് പദ്ധതി അട്ടിമറിയും മുതല്‍ മത്സ്യത്തൊഴിലാളി സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ വരെ ലോക്‌സഭയില്‍ നിരന്തരം അവതരിപ്പിക്കുന്ന ഒരാള്‍...റോഡ് നിര്‍മ്മാണത്തിലെ അഴിമതി മുതല്‍ ശബരിമല സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ വരെ ശബ്ദമുയര്‍ത്തിയ ഒരാളെ മാധ്യമങ്ങള്‍ കണ്ടില്ലേ?
അയാള്‍ എപ്പോഴും ആള്‍ക്കൂട്ടങ്ങളുടെ നായകന്‍ മാത്രമായിരുന്നില്ല; ആരവങ്ങളും ആവേശവും ബാക്കിവെക്കുന്ന ഇടപെടലുകള്‍ മാത്രമായിരുന്നില്ല...അടിസ്ഥാന വര്‍ഗത്തെ ചേര്‍ത്തുനിര്‍ത്തി അവരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കരുതലും കാവലും കൂടി ആയിരുന്നു...രാഷ്ട്രീയ ശത്രുക്കള്‍ പോലും അത് ശരി വയ്ക്കും.
രാജ്യത്തിന്റെ ഹൃദയത്തിലേറ്റ മുറിവില്‍ മരുന്ന് പുരട്ടാന്‍ ശേഷിയുള്ള മറ്റൊരാശയവുമായി ഒരു ശബ്ദകോലാഹലങ്ങളുമില്ലാതെ വീണ്ടും കോണ്‍ഗ്രസിനെ നെഞ്ചിലേറ്റി അയാള്‍ നടക്കുകയാണ്....അവകാശവാദങ്ങളില്ലാതെ...
എങ്കിലും ഒന്ന് ചോദിക്കട്ടെ.....കേരളത്തിലെ കോണ്‍ഗ്രസുകാരനെയും യുഡിഎഫ് പ്രവര്‍ത്തകരെയും സംബന്ധിച്ച ജീവന്മരണ പോരാട്ടമായ ഈ നിയമസഭാ തിരഞ്ഞെടുപ്പിലെ കെ.സി യുടെ പങ്ക് കാണാന്‍ നിങ്ങളുടെ കാഴ്ച്ചയെ മറക്കുന്നത് എന്താണ്? കേരളത്തിലെ എല്ലാ ജില്ലയിലും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വന്നതും, രേവന്ത് റെഡ്ഡിയും സിദ്ധരാമയ്യയും സച്ചിന്‍ പൈലറ്റും ശിവകുമാറും ഒക്കെ ആഴ്ചകളോളം കേരളത്തില്‍ ക്യാമ്പ് ചെയ്തതിനു ഒക്കെ പിന്നില്‍ കെ.സി അല്ലാതെ മറ്റാരാണ്? ....
ഈ തിരഞ്ഞെടുപ്പില്‍ ഒറ്റ വിമത സ്ഥാനാര്‍ത്ഥി പോലുമില്ലാതെ സീറ്റ് നിഷേധിക്കപ്പെട്ട മുഴുവന്‍ ആളുകളെയും ചേര്‍ത്ത് പിടിച്ചതും സംരക്ഷിക്കും എന്ന് ഉറപ്പ് കൊടുത്തതും കെ.സിയാണ്. അത് കേരളം കണ്ടതാണ്.
എന്നിട്ടും ഒരു സംഘം മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നു എന്താണ് കെ.സിയുടെ യോഗ്യതയെന്ന്. പാര്‍ട്ടി കമ്മറ്റികളിലെ വിവരങ്ങള്‍ നിങ്ങളോട് രഹസ്യമായി പങ്കുവെക്കാത്തതും, എത്ര പ്രതിസന്ധിയുണ്ടായാലും വാര്‍ത്തകളില്‍ നിറയാനായി പാര്‍ട്ടിയെയും പ്രവര്‍ത്തകരെയും തള്ളി പറയാത്തതും നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അയോഗ്യതയാകാം.
അത് അയോഗ്യതയാണെങ്കില്‍ ആ അയോഗ്യതയോടു കൂടിയ കെസിയെയാണ് സാധാരണ പ്രവകര്‍ത്തകരായ ഞങ്ങള്‍ക്കിഷ്ടം...:'
തന്റെ രക്തത്തിനായി കടിപിടി കൂടുന്നവര്‍ക്ക് മുന്നില്‍, തെരഞ്ഞെടുപ്പ് വിജയത്തിലുപരിയായി, ഈ രാജ്യത്തിന്റെ ആത്മാവിനെ തന്നെ വീണ്ടെടുത്ത് സമര്‍പ്പിച്ച് മൗനമായി നടന്നുനീങ്ങിയ ഒരാളെക്കുറിച്ചാണ് അയാള്‍ക്ക് എന്താണ് യോഗ്യത എന്ന് നിങ്ങള്‍ ആക്രോശിക്കുന്നത എന്നും സുധാ മേനോന്‍ മാധ്യമപ്രവര്‍ത്തകരോട് ചോദിക്കുന്നുണ്ട്.
അതേ സമയം, മുഖ്യമന്ത്രിയാവാന്‍ കെ.സി.വേണുഗോപാലിനുള്ള യോഗ്യത തലേന്ന് ചോദ്യം ചെയ്ത മീഡിയാവണ്‍ ചാനല്‍ ഇന്നലെ നിലപാട് മാറ്റി. സുധാ മേനോന്റെ എഫ്ബി കുറിപ്പ് മുന്‍നിര്‍ത്തി കെ.സി.വേണുഗോപാലിന്റെ സംഭവബഹുലമായ രാഷ്ട്രീയ പ്രവര്‍ത്തന ചരിത്രമടങ്ങുന്ന റിപ്പോര്‍ട്ട് ഓണ്‍ ലൈനില്‍ പ്രസിദ്ധീകരിച്ചാണ് മീഡിയാവണ്‍ സ്വന്തം അവതാരകന്റെ നിലപാടിനെ തള്ളിയത്. കെ.സിയുടെ രാഷ്ട്രീയ അനുഭവ സമ്പത്തിന്റെയും ജനസേവനത്തിന്റെയും തെളിവുകള്‍ ഉദാഹരിച്ച് വേറെയും ഒട്ടേറെപ്പേര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തു വന്നിട്ടുണ്ട്.