സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് പി ജയരാജനെ ഇത്തവണയും പരിഗണിച്ചില്ല ; അതൃപ്തി പരസ്യമാക്കി മകന്‍ ജെയ്ന്‍ രാജ്

അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ എം സ്വരാജ് 2019 ല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കിയാണ് ജെയ്ന്‍ രാജ് അതൃപ്തി പരസ്യമാക്കിയത്

 

ഇത്തവണ പി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇടംപിടിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു

കണ്ണൂര്‍: സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിലേക്ക് പി ജയരാജനെ ഇത്തവണയും പരിഗണിക്കാത്തതില്‍ അതൃപ്തി പരസ്യമാക്കി മകന്‍ ജെയ്ന്‍ രാജ്.  കണ്ണൂരില്‍ നിന്നുള്ള അഞ്ച് നേതാക്കള്‍ ഇടംപിടിച്ചപ്പോള്‍ മുതിര്‍ന്ന നേതാവ് പി ജയരാജനെ ഇത്തവണയും പരി​ഗണിച്ചില്ല. അയോധ്യ വിധിയുടെ പശ്ചാത്തലത്തില്‍ എം സ്വരാജ് 2019 ല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വാട്‌സ്ആപ്പില്‍ സ്റ്റാറ്റസാക്കിയാണ് ജെയ്ന്‍ രാജ് അതൃപ്തി പരസ്യമാക്കിയത്.

കണ്ണൂരില്‍ നിന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, കെ കെ ശൈലജ, ഇ പി ജയരാജന്‍, എം വി ജയരാജന്‍ എന്നിവരാണ്  സിപിഐഎം സെക്രട്ടറിയറ്റില്‍ ഇടംപിടിച്ചു. കണ്ണൂരില്‍ നിന്ന് മുന്‍ ജില്ലാ സെക്രട്ടറിമാരെല്ലാം സെക്രട്ടറിയറ്റില്‍ സ്ഥാനം പിടിച്ചു. 

ഇത്തവണ പി ജയരാജന്‍ സംസ്ഥാന സെക്രട്ടറിയറ്റില്‍ ഇടംപിടിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു. നിലവില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായ പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയിലെ സീനിയര്‍ അംഗങ്ങളില്‍ ഒരാളാണ്. ഈ സാഹചര്യത്തില്‍ പി ജയരാജനെ പരിഗണിക്കണമെന്നായിരുന്നു അണികളുടെ ആവശ്യം.