തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കുന്നു
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം വർധിപ്പിക്കാൻ സർക്കാർ.രണ്ടുതവണ കമ്മിറ്റി യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തിയിരുന്നു. രണ്ടാഴ്ച മുമ്പ് തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറിയായ ഷാനവാസിനെ കമ്മറ്റിയുടെ ചെയർമാനായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു.
2021ൽ നിശ്ചയിച്ച ഓണറേറിയമാണ് തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ഇപ്പോഴും നൽകുന്നത്. നിലവിലെ തുക ഇരട്ടിയാക്കി വർധിപ്പിക്കണമെന്നാണ് ജനപ്രതിനിധികളുടെ ആവശ്യം.
മെമ്പർമാർക്ക് 40 ശതമാനവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർക്ക് 50 ശതമാനവും പ്രസിഡന്റുമാർക്ക് 60 ശതമാനവും വർധനവ് വരുത്താനാണ് സർക്കാർ നീക്കം. വരുന്ന ജനുവരിയിൽ ഓണറേറിയം വർധിപ്പിച്ചേക്കുമെന്നാണ് സൂചന. പഠന സമിതിയുടെ റിപ്പോർട്ട് കൂടി പരിശോധിച്ചായിരിക്കും അന്തിമ തീരുമാനം"
ജില്ലാപഞ്ചായത്ത്, കോർപറേഷൻ എന്നിവിടങ്ങളിലെയും ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെയും ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം തുല്യമാണ്. ഇതിലും കുറവാണ് ഗ്രാമപഞ്ചായത്തുകളിൽ.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് നിലവിൽ 16,800 രൂപയാണ് ഓണറേറിയമായി ലഭിക്കുന്നത്. വൈസ് പ്രസിഡന്റ്- 14,200, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ- 10,400, മെമ്പർ- 9,800 രൂപ എന്നിങ്ങനെയാണ് ഓണറേറിയം. കോർപറേഷൻ മേയർ, ഡെപ്യൂട്ടി മേയർ, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, മെമ്പർമാർ എന്നിവർക്കും ഈ തുകയാണ് മാസത്തിൽ ലഭിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്- 15,600 രൂപ, വൈസ് പ്രസിഡന്റ്- 13,000, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ- 9800 മെമ്പർ- 8,600 എന്നിങ്ങനെയാണ് ഓണറേറിയം. ഇത് തന്നെയാണ് നഗരസഭ ചെയർമാൻ മുതൽ അംഗങ്ങൾ വരെയുള്ളവർക്ക് ലഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് 14,200 രൂപയും വൈസ് പ്രസിഡന്റിന് 11,600 ഉം സ്റ്റാന്റിങ് കമ്മിറ്റി ചെയർമാന് 9200 രൂപയും മെമ്പർക്ക് 8,000 രൂപയുമാണ് ഓണറേറിയം. സംസ്ഥാനത്ത് 1200 തദ്ദേശ സ്ഥാപനങ്ങളിലായി 23,576 അംഗങ്ങളാണുള്ളത്.