സമസ്തയും മുസ്‌ലിം ലീഗും തമ്മിൽ ഒരു പ്രശ്നവുമില്ല : ജിഫ്രി തങ്ങൾ
തിരുവനന്തപുരം : സമസ്തയും മുസ്‌ലിം ലീഗും തമ്മിൽ ഒരു പ്രശ്നവുമില്ലെന്ന് സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ. സമസ്‍ത കേരള ജംഇയ്യതുൽ ഉലമ നൂറാം വാർഷികത്തിന്റെ ഭാഗമായി നാഗർകോവിലിൽനിന്ന് ജിഫ്രി തങ്ങൾ നായകനായി ആരംഭിച്ച ശതാബ്ദി സന്ദേശയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ മുസ്ലിം ലീഗ് നേതാക്കളെ ക്ഷണിച്ചിരുന്നെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സമസ്തയും ലീഗും തമ്മിൽ ഒരു പ്രശ്നവുമില്ല. ഉദ്ഘാടനത്തിന് ഖാദർ മൊയ്തീനെ ക്ഷണിച്ചതായിരുന്നു. പക്ഷേ വരാൻ പ്രയാമുണ്ടെന്ന് അറിയിച്ചു. സാദിഖലി ശിഹാബ് തങ്ങളെയും ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. സാദിഖലി തങ്ങൾക്ക് ഉദ്ഘാടനത്തിന് എത്തിപ്പെടാൻ ചില പ്രയാസങ്ങൾ ഉണ്ട് എന്ന് പറഞ്ഞതിൻറെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൻറെ അനിയൻ അബ്ബാസലി ശിഹാബ് തങ്ങളെ ക്ഷണിച്ചു. ഞാൻ നേരിട്ടാണ് ക്ഷണിച്ചത്. പങ്കെടുക്കാമെന്ന് സമ്മതിച്ചതുമാണ്. പിന്നെ അദ്ദേഹത്തിനും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായി. ഇതൊന്നും ലീഗും സമസ്തയും തമ്മിലെ പിണക്കത്തിൻറെ ഭാഗമല്ല. അങ്ങിനെയൊരു പിണക്കം ഇല്ല... - ജിഫ്രി തങ്ങൾ വ്യക്തമാക്കി.
ഇന്നലെയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചുള്ള വാഹനജാഥ കന്യാകുമാരി കോട്ടാറിൽനിന്ന് തുടങ്ങിയത്. ശതാബ്ദി സന്ദേശയാത്രയുടെ ഉദ്ഘാടന ചടങ്ങിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പങ്കെടുത്തിരുന്നില്ല. സന്ദേശയാത്രയുടെ പതാക കൈമാറ്റം പാണക്കാട്ടെ വസതിയിൽ സാദിഖലി തങ്ങൾ, ജിഫ്രി തങ്ങൾക്ക് കൈമാറി നിർവഹിക്കണമെന്ന് നിർദേശം ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം പാണക്കാട്ട് നടന്ന സമസ്തയിലെ ലീഗ് അനുകൂലികളായ നേതാക്കളുടെ യോഗത്തിൽ ഉയർന്ന ഈ നിർദേശം സമസ്ത നേതാക്കളെ അറിയിച്ചിരുന്നു. എന്നാൽ, സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം ഇതംഗീകരിക്കാതെ പതാക കൈമാറ്റം വ്യാഴാഴ്ച സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‍ലിയാരുടെ തിരൂർക്കാട്ടെ വസതിയിൽ നടത്തി. ഇതാണ് സന്ദേശയാത്രയുടെ ഉദ്‍ഘാടനപരിപാടിയിൽ അധ്യക്ഷ പദവി വഹിക്കേണ്ട അബ്ബാസലി തങ്ങളുടെ വിട്ടുനിൽക്കലിന് കാരണമെന്നാണ് അറിയുന്നത്.
ജാഥക്ക് മുന്നോടിയായ നടന്ന പൊതുസമ്മേളനത്തിൽ തമിഴ്നാട് ജംഇയ്യത്തുൽ ഉലമ സഭ അധ്യക്ഷൻ പി.എ. ഖാജ മൊയ്നുദ്ദീൻ അധ്യക്ഷത വഹിച്ചു. സമസ്ത ജിഫ്രി മുത്തുകോയ തങ്ങൾ, സമസ്ത ബഹറൈൻ പ്രസിഡന്റ് ഫക്രുദ്ദീൻ കോയ തങ്ങൾ, പാണക്കാട് സെയ്യിദ് മൊയീനലി ശിഹാബ് തങ്ങൾ, സമസ്ത സെക്രട്ടറി എം.ടി. അബ്ദുല്ല മുസലിയാർ, മന്ത്രി മനോ തങ്കരാജ്, മേയർ മഹേഷ് എന്നിവർ സംസാരിച്ചു. സമസ്തയുടെ നൂറ് വർഷത്തെ പ്രവർത്തനങ്ങളും ആശയാദർശങ്ങളും ജനങ്ങളിൽ നേരിട്ടെത്തിക്കുകയാണ് യാത്രയുടെ ലക്ഷ്യം. യാത്ര 28ന് മംഗലാപുരത്ത് സമാപിക്കും. ഫെബ്രുവരി നാലുമുതൽ എട്ടുവരെ കാസർകോട്ടാണ് സമസ്തയുടെ അന്താരാഷ്ട്ര സമ്മേളനം.