എസ്ഐആറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം

എസ്‌ഐആറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. നടപടിക്രമങ്ങളിലെ വീഴ്ചകൾ പരിഹരിക്കണമെന്നും എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന
 

തിരുവനന്തപുരം: എസ്‌ഐആറിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. നടപടിക്രമങ്ങളിലെ വീഴ്ചകൾ പരിഹരിക്കണമെന്നും എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചത്. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി നീട്ടണം, 25 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും 2025ലെ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും ഫോം ലഭിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി കത്തിൽ അറിയിച്ചു. വിതരണം ചെയ്യാത്ത ഫോമുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മാപ്പിങ് പ്രക്രിയ പൂർണമായിട്ടില്ലെന്നും കത്തിൽ പറയുന്നു.

ചില ബൂത്തുകളിൽ വിവരം ശേഖരിക്കാൻ കഴിയാത്ത വോട്ടർമാരുടെ എണ്ണം അസാധാരണമായി ഉയർന്നു. ഇത് ഗൗരവത്തോടെ പരിശോധിക്കണമെന്നും സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ പലർക്കും വോട്ടവകാശം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്നും കത്തിൽ പറയുന്നു. പല കാരണങ്ങളാലാണ് ഇവരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. തിരുവല്ല എംഎൽഎ മാത്യു ടി തോമസ്, മുൻ എംഎൽഎ രാജാജി മാത്യു, മുൻ ഡിജിപി രമൺ ശ്രീവത്സവ തുടങ്ങിയവരടക്കം പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകാനുള്ള സമയം ഡിസംബർ 18ന് അവസാനിച്ചതോടെ സ്ഥലത്തില്ലാത്തവർ, മരിച്ചവർ, താമസം മാറിയവർ എന്നീ വിഭാഗങ്ങളിലായി ഏകദേശം 25 ലക്ഷത്തോളം വോട്ടർമാരാണ് പട്ടികയിൽ നിന്ന് പുറത്തായിരിക്കുന്നത്. 2025ലെ സ്‌പെഷ്യൽ സമ്മറി റിവിഷൻ (എസ്എസ്ആർ)പ്രകാരം കേരളത്തിൽ 2.78 കോടി വോട്ടർമാരുണ്ടെങ്കിലും, ഇവർക്കെല്ലാവർക്കും ഫോമുകൾ വിതരണം ചെയ്തിട്ടില്ല എന്നത് വലിയ വീഴ്ചയായി സർക്കാർ ചൂണ്ടിക്കാട്ടുന്നു.

ബിഎൽഒമാർ വഴി എല്ലാ വോട്ടർമാർക്കും ഫോമുകൾ എത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, വിതരണം ചെയ്യാൻ കഴിയാത്ത ഫോമുകളുടെ വിശദാംശങ്ങൾ ഇതുവരെ പ്രസിദ്ധീകരിക്കുകയോ രാഷ്ട്രീയ കക്ഷികൾക്ക് ലഭ്യമാക്കുകയോ ചെയ്തിട്ടില്ല. രാഷ്ട്രീയ കക്ഷികൾക്കും ഒഴിവാക്കപ്പെട്ട വോട്ടർമാർക്കും വിവരങ്ങൾ പരിശോധിച്ച് കൃത്യമായ തിരുത്തലുകൾ വരുത്തുന്നതിനായി, ഈ പട്ടിക, ബൂത്ത് അടിസ്ഥാനത്തിലും നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലും അടിയന്തരമായി പ്രസിദ്ധീകരിക്കേണ്ടതുണ്ടെന്ന് കത്തിൽ പറയുന്നു. ഡിസംബർ 19വരെയായിരുന്നു എന്യൂമറേഷൻ ഫോമുകളുടെ അപ്ഡേഷനായി തിരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരുന്നത്. രണ്ടാഴ്ചയെങ്കിലും സമയപരിധി നീട്ടണമെന്നാണ് കത്തിലെ ആവശ്യം.