ഓണവും തൃക്കാക്കരയപ്പനും ; അറിയാം ഐതിഹ്യം
ഓണത്തപ്പനെ/മാവേലിയെ വരവേൽക്കാനാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് സങ്കൽപം. എന്നാൽ ഓണത്തപ്പനെ എതിരേൽക്കാൻ അത്ര പരിചിതമല്ലാത്ത 'മാതേര് വെക്കുക' എന്നൊരു ചടങ്ങുണ്ട്.
ഓണത്തപ്പനെ/മാവേലിയെ വരവേൽക്കാനാണ് പൂക്കളം ഒരുക്കുന്നത് എന്നാണ് സങ്കൽപം. എന്നാൽ ഓണത്തപ്പനെ എതിരേൽക്കാൻ അത്ര പരിചിതമല്ലാത്ത 'മാതേര് വെക്കുക' എന്നൊരു ചടങ്ങുണ്ട്. വീടുകളിൽ പിരിമിഡാകൃതിയിൽ മണ്ണുകുഴച്ചുണ്ടാക്കി രൂപം പ്രതിഷ്ഠിക്കുന്നതിനെയാണ് മാതേര് വെക്കുക എന്ന് പറയുന്നത്. തൃക്കാക്കരപ്പൻ, ഓണത്തപ്പൻ എന്നൊക്കെ വിവിധ പ്രദേശങ്ങളിൽ ഇതിൻറെ പേര് മാറി വരും.
അത്തം മുതൽ പൂക്കളമിടുന്നവർ ഉത്രാടം വരെ പൂക്കളമൊരുക്കി തിരുവോണത്തിന് പൂക്കളത്തിൽ തൃക്കാക്കരയപ്പനെ വെച്ച് പൂജിക്കുകയാണ് ചടങ്ങ്. നാക്കിലയിട്ട് അതിനു മുകളിൽ പീഠം വച്ച് അരിമാവ് കൊണ്ട് കോലം വരച്ച് പൂക്കളത്തിൽ തൃക്കാക്കര അപ്പനെ വക്കും. മാതേവരെ വെക്കുക എന്നും പറയാറുണ്ട്. മാവേലി തൃക്കാക്കരയപ്പൻ, ശിവൻ എന്നീ സങ്കല്പങ്ങളിൽ മൂന്ന് മാതേവരെയാണ് മിക്കവാറും എല്ലായിടങ്ങളിലും വെക്കാറുള്ളത്. തൃക്കാക്കരയപ്പൻ മാവേലിയാണെന്നും വാമനനാണെന്നും ചില തർക്കമുണ്ട്.
എന്നാൽ തൃക്കാക്കര ക്ഷേത്രത്തിലെ ഐതിഹ്യ പ്രകാരം മാതേവർ മഹാവിഷ്ണുവെന്ന സങ്കല്പം തന്നെയാണ്. തൃക്കാക്കരയിൽ മഹോദയപുരം പെരുമാക്കൾ കർക്കിടകത്തിലെ തിരുവോണം മുതൽ ചിങ്ങത്തിലെ തിരുവോണം വരെ ഓണാഘോഷം നടത്തിയിരുന്നുവെന്ന് പറയപ്പെടുന്നു. ചേര സാമ്രാജ്യത്തിലെ 56 നാട്ടുരാജാക്കന്മാരും സാമന്തൻമാരും പ്രഭുക്കളുമെല്ലാം പെരുമാളുടെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നുവത്രെ. ഒരിക്കൽ ഇതിന് ഭംഗം വന്നപ്പോൾ, തൃക്കാക്കരയെത്താത്തവർ വീട്ടിൽ തന്നെ ഓണം ആഘോഷിക്കണമെന്ന് പെരുമാളുടെ കല്പന ഉണ്ടായത്രെ. ഇതേ തുടർന്നാണ് വീടുകളിൽ തിരുവോണ ദിവസം തൃക്കാക്കരയപ്പന്റെ മൺ വിഗ്രഹം പൂജിക്കാൻ തുടങ്ങിയതെന്നാണ് ഐതിഹ്യം. എന്നാൽ മാതേവരെ വെക്കുന്നതിൽ പലയിടത്തും പല കണക്കാണ് കണ്ടിട്ടുള്ളത്.
ഉത്രാടം മുതൽ തൃക്കാക്കരയപ്പനെയും തിരുവോണത്തിന് മഹാബലിയെയും വെക്കുന്നവരുണ്ട്. ബലിക്കൊപ്പം മുത്തശ്ശി അമ്മ, കുട്ടി പട്ടർ, അമ്മി, ആട്ടുകല്ല്, അരകല്ല്, ഉരൽ തുടങ്ങിയ മൺശില്പങ്ങളും വയ്ക്കുന്ന ചടങ്ങുണ്ട്. വള്ളുവ നാട്ടിൽ അത്തം മുതൽ മാതേവരെ വെക്കുന്നവരുമുണ്ട്.
ചിലയിടങ്ങളിൽ 7 മാതേവരെ വെക്കാറുണ്ട്. മലബാറിൽ വീട്ടു പടിക്കലും മാതേവരെ വെക്കാറുണ്ട്. 'തൃക്കാക്കരയപ്പോ, പടിക്കലും വായോ, ഞാനിട്ട പൂക്കളം കാണാനും വായോ', എന്ന് വിളിച്ച് പറഞ്ഞ് ഇതോടൊപ്പം ആർപ്പ് വിളിക്കാറുണ്ട്. തുമ്പപ്പൂക്കുടം കൊണ്ട് പൂമൂടൽ നടത്തി തൃക്കാക്കരയപ്പന് അട നിവേദ്യം തിരുവോണത്തിന് നേദിക്കും. മദ്ധ്യ കേരളത്തിൽ അമ്പും വില്ലും കൊണ്ട് ഈ അടയിൽ അമ്പെയ്യുന്ന ചടങ്ങുമുണ്ട്.
ഓണത്തപ്പനെ വരവേല്ക്കാൻ അരിമാവ് കോലം വീടിന്റെ മറ്റ് സ്ഥലങ്ങളിൽ കൂടി വരക്കുന്നവരുമുണ്ട്. വെക്കുന്ന എണ്ണത്തിലും ആകൃതിയിലുമൊക്കെ വ്യത്യാസങ്ങളുണ്ടായാലും തിരുവോണത്തിന് തൃക്കാക്കരയപ്പനെ വരവേറ്റ് പൂജിക്കുകയെന്ന സങ്കല്പം കേരളത്തിലെല്ലായിടത്തും ഒന്നു തന്നെ. അഞ്ചാം ഓണം വരെ പൂക്കളത്തിൽ തൃക്കാക്കരയപ്പനെ വെക്കുന്നതാണ് പൊതുവായ ആചാരം.