ഓണക്കാലത്തെ യാത്രാത്തിരക്ക് ; കെ.എസ്.ആർ.ടി.സിയും കൊച്ചി മെട്രോയും കൂടുതൽ സർവിസ് നടത്തും 

 

 തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ കെ.എസ്.ആർ.ടി.സിയും കൊച്ചി മെട്രോയും കൂടുതൽ സർവിസ് നടത്തും. കൂടുതൽ ദീർഘദൂര ബസുകൾ ഓടിക്കാനാണ് കെ.എസ്.ആർ.ടി.സി തീരുമാനം. ആഗസ്റ്റ് 21 മുതൽ 25 വരെയും 29 മുതൽ സെപ്തംബർ മൂന്ന് വരെയുമാണ് കൂടുതൽ സർവിസ് ഏർപ്പെടുത്തുക. ഈ ദിവസങ്ങളിലെ തിരക്ക് പരിഗണിച്ചാണിത്. യാത്രക്കാർക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ബസ് വിവരങ്ങൾ അറിയുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും 9447071021 എന്ന വാട്സ്ആപ് നമ്പറിൽ ‘Hi’ എന്ന് സന്ദേശം അയക്കാം. എന്റെ കെ.എസ്.ആർ.ടി.സി നിയോ ഒ.പി.ആർ.എസ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും www.keralartc.com എന്ന വെബ്‌സൈറ്റിലൂടെയും റിസർവേഷൻ കൗണ്ടറുകൾ വഴിയും മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും.

അതേസമയം, സെപ്തംബർ രണ്ട് വരെ ബംഗളൂരു, ചെന്നൈ നഗരങ്ങളിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി പ്രത്യേക അന്തർ സംസ്ഥാന സർവിസുകൾ തുടങ്ങി. തിരക്കിന് അനുസരിച്ച് ഈ റൂട്ടുകളിൽ കൂടുതൽ സർവിസുകൾ അനുവദിക്കും. ആലപ്പുഴയിൽ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും പുതുതായി വോൾവോ എക്സിക്യൂട്ടിവ് ക്ലാസ് സർവീസ് ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും തിരിച്ചുമുള്ള എക്സിക്യൂട്ടീവ് ക്ലാസ് സർവിസ് ഇന്ന് തുടങ്ങും.

ബജറ്റ് ടൂറിസം സെൽ വഴി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രക്കാരുടെ താൽപര്യപ്രകാരം പ്രത്യേക ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. തിരുവോണം ഒഴികെയുള്ള ദിവസങ്ങളിൽ പരമാവധി ഷെഡ്യൂളുകൾ ഓപറേറ്റ് ചെയ്യാനാണ് തീരുമാനം. അവധി ദിവസങ്ങളിൽ പ്രധാന റൂട്ടുകളിലെ സർവിസുകൾ പുനഃക്രമീകരിക്കുകയും അധിക സർവിസുകൾ ഏർപ്പെടുത്തുകയും ചെയ്യും.