പാലിന്റെ ഗുണമേന്മയറിയാം; ഓണക്കാല ഊർജ്ജിത പാൽ പരിശോധന ക്യാമ്പ് തുടങ്ങി
ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഗുണമേൻമാനിയന്ത്രണ വിഭാഗം സംഘടിപ്പിച്ച ഓണക്കാല ഊർജ്ജിത പാൽ പരിശോധന ക്യാമ്പ് സിവിൽ സ്റ്റേഷനിലെ ജില്ലാ ഗുണമേൻമാ പരിശോധനാ ലാബ് ജില്ലാ കലക്ടർ പി വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ : ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഗുണമേൻമാനിയന്ത്രണ വിഭാഗം സംഘടിപ്പിച്ച ഓണക്കാല ഊർജ്ജിത പാൽ പരിശോധന ക്യാമ്പ് സിവിൽ സ്റ്റേഷനിലെ ജില്ലാ ഗുണമേൻമാ പരിശോധനാ ലാബ് ജില്ലാ കലക്ടർ പി വിഷ്ണുരാജ് ഉദ്ഘാടനം ചെയ്തു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടർ ആർ രശ്മി , ക്വാളിറ്റി കൺട്രോൾ ഓഫീസർ എൻ ശ്രീകാന്തി, ടെക്‌നിക്കൽ അസിസ്റ്റന്റ് ട്വിങ്കിൾ മാത്യു, മറ്റുദ്യോഗസ്ഥർ, ഉപഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.
ഈ മാസം 24 തിങ്കൾ വൈകീട്ട് 5 വരെ ലാബിൽ പാൽ പരിശോധനയ്ക്ക് നൽകാൻ പൊതുജനങ്ങൾക്ക് അവസരമുണ്ട്. ഓണക്കാലത്ത് പാൽ ഉപഭോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ മായം കലർന്നതും ഗുണമേന്മ കുറഞ്ഞതുമായ പാലിന്റെ വിപണനവും ഉപഭോഗവും തടയുന്നതിന്റെ ഭാഗമായാണ് ഊർജിത പാൽ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പരിശോധനയ്ക്കായി കുറഞ്ഞത് 200 മില്ലിലിറ്റർ പാൽ സാമ്പിൾകൊണ്ടുവരണം. പാക്കറ്റ് പാലാണെങ്കിൽ പാക്കറ്റ് പൊട്ടിക്കാതെ എത്തിക്കണം.
പാലിന്റെ ഗുണനിലവാരത്തെപ്പറ്റിയുള്ള സംശയമകറ്റുന്നതിന് ഉപഭോക്താക്കൾക്ക് ക്വാളിറ്റി കൺട്രോൾ ലാബിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ സെന്ററുമായി ബന്ധപ്പെടാം.ഫോൺ: 9747336094, 9447204204.