വയനാട്ടിൽ വ്യാജ അരിഷ്ടം കഴിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി
വയനാട്ടിൽ ലഹരി കലർത്തിയതെന്ന് സംശയിക്കുന്ന വ്യാജ അരിഷ്ടം കഴിച്ചതിനെ തുടർന്ന് ആദിവാസി യുവാവ് മരിച്ചു
Apr 20, 2026, 18:52 IST
വയനാട് : വയനാട്ടിൽ ലഹരി കലർത്തിയതെന്ന് സംശയിക്കുന്ന വ്യാജ അരിഷ്ടം കഴിച്ചതിനെ തുടർന്ന് ആദിവാസി യുവാവ് മരിച്ചു. പടിഞ്ഞാറേത്തറ പഞ്ചായത്തിലെ ചെറുക്യംകൊല്ലി കല്ലുമുട്ടൻകുന്ന് കോളനിയിലെ 38 വയസ്സുകാരനായ പ്രസാദാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഏപ്രിൽ ഏഴിന് രക്തം ഛർദ്ദിച്ചതിനെ തുടർന്ന് പ്രസാദിനെ ആദ്യം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് നില വഷളായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു. അമിതമായ മദ്യപാനത്തോടൊപ്പം അരിഷ്ടം കൂടി അകത്ത് ചെന്നതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി ബന്ധുക്കൾ പറയുന്നു.