തിരുവനന്തപുരത്ത് വാഹനാപകടത്തിൽ പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കുഴഞ്ഞുവീണു; ഓട്ടോ ഡ്രൈവർ മരിച്ചു

 

തിരുവനന്തപുരം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോകും വഴി കുഴഞ്ഞുവീണ് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. തിരുവനന്തപുരം നേമം കോലിയക്കോടാണ് സംഭവം. എസ്‌റ്റേറ്റ് പൂഴിക്കുന്ന് കാർത്തിക ഭവനിൽ സജിത്ത് കുമാർ ആണ് മരിച്ചത്. 55 വയസായിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചായിരുന്നു സ്ത്രീക്ക് സാരമായി പരിക്കേറ്റത്. ഈ സമയം സജിത്ത് സംഭവ സ്ഥലത്തുണ്ടായിരുന്നു. ഉടൻ തന്നെ ഇദ്ദേഹം സ്ത്രീയെ ഓട്ടോയിൽ കയറ്റി. സജിയെന്ന ആളും ഒപ്പം കയറി. 

കിള്ളിപ്പാലത്തിന് സമീപമെത്തിയപ്പോൾ തലചുറ്റൽ അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ് സജിത്ത് കുമാർ ഓട്ടോറിക്ഷ നിർത്തി. തൊട്ടുപിന്നാലെ ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. പരിക്കേറ്റ സ്ത്രീയെ മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. സജിത്ത് കുമാറിനെ ആബുംലൻസിൽ ജനറൽ ആശുപത്രിയിലുമെത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.