തിരുവനന്തപുരത്ത് ബൈക്ക് മിനി ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം
Feb 7, 2026, 19:18 IST
തിരുവനന്തപുരം: പോത്തൻകോട് ചന്തവിളയിൽ ബൈക്ക് മിനി ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കണിയാപുരം സ്വദേശി സുധി സുലൈമാനാണ് (28) മരിച്ചത്.
കാട്ടായിക്കോണം മേലേ ചന്തവിളയിൽ വെളുപ്പിന് രണ്ടരയോടെയാണ് അപകടം. വെട്ടുറോഡ് നിന്നും പോത്തൻകോട് ഭാഗത്തേക്ക് പോയ ഡ്യൂക്ക് ബൈക്ക് നിയന്ത്രണംവിട്ട് എതിരെ വന്ന മിൽമ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. അമിത വേഗതയാണ് അപകട കാരണം. നാട്ടുകാരും പൊലീസും ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു.