തെലുങ്കാനയിൽ ഹൃദയാഘാതത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു
ഹൃദയാഘാതത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. തെലുങ്കാന കാമറെഡ്ഡി ജില്ലയിലെ സിംഗരായപള്ളിയിൽ താമസിക്കുന്ന ശ്രീനിധി (16) എന്ന വിദ്യാർഥിനിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് നടന്നുപോയ ശ്രീനിധിക്ക് സ്‌കൂളിന് സമീപത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു
ഹൈദരാബാദ്: ഹൃദയാഘാതത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. തെലുങ്കാന കാമറെഡ്ഡി ജില്ലയിലെ സിംഗരായപള്ളിയിൽ താമസിക്കുന്ന ശ്രീനിധി (16) എന്ന വിദ്യാർഥിനിയാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് നടന്നുപോയ ശ്രീനിധിക്ക് സ്‌കൂളിന് സമീപത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. കുഴഞ്ഞുവീഴുന്നത് കണ്ട അധ്യാപകനാണ് സ്‌കൂളിന് സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചത്.
അവിടെ നിന്നും സി.പി.ആർ. ഉൾപ്പെടെയുള്ള പ്രാഥമിക ശിശ്രൂഷകൾ നൽകിയെങ്കിലും കുട്ടി പ്രതികരിക്കുന്നുണ്ടായിരുന്നില്ല, അതേതുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. എന്നാൽ, രണ്ടാമത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പുതന്നെ ശ്രീനിധി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് സ്‌കൂൾ അധികൃതർ അറിയിച്ചിരിക്കുന്നത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അലിഗഢിലെ സിറൗലി എന്ന സ്ഥലത്ത് ആറാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതത്തെ തുടർന്ന് മരിച്ച് ഒരുമാസത്തിനുള്ളിലാണ് പത്താം ക്ലാസ് വിദ്യാർഥിയായ നിധിയും സമാനമായ രീതിയിൽ മരിച്ചിരിക്കുന്നത്. സ്‌കൂളിലെ സ്‌പോർട്‌സ് മീറ്റിൽ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനിടെയാണ് ആറാം ക്ലാസ് വിദ്യാർഥി മരണപ്പെടുന്നത്. അലിഗഢിൽ തന്നെ എട്ട് വയസുകാരിയായ ഒരു കുട്ടിയും ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ ഹാർട്ട് അറ്റാക്ക് മൂലമുള്ള മരണത്തിൽ 22 ശതമാനത്തിന്റെ വർധനവുണ്ടായതായാണ് പഠനങ്ങൾ പറയുന്നത്.