ആറംഗ സംഘം കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ടു; തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം
ഇടശ്ശേരി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ സ്വദേശി വെങ്കിടേഷ് (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം.
Sep 30, 2024, 20:01 IST
തൃശൂർ: ഇടശ്ശേരി ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ സ്വദേശി വെങ്കിടേഷ് (26) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്കായിരുന്നു സംഭവം.
ആറംഗ സംഘമാണ് കടലിലെത്തിയത്. ഇതിൽ വെങ്കിടേഷ് മാത്രമാണ് കടലിൽ കുളിക്കാനിറങ്ങിയത്. ഇതിനിടയിൽ ശക്തമായ തിരയടിച്ച് ഇയാൾ കടലിൽ മുങ്ങിത്താഴുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വെങ്കിടേഷിനെ കണ്ടെത്താനായില്ല.
തുടർന്ന് വാടാനപ്പള്ളി ആക്ട്‌സ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാടാനപ്പള്ളി പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.