തെരുവുനായ കുറുകേ ചാടി,തിരുവനന്തപുരത്ത്  അച്ഛൻ ഓടിച്ച ഓട്ടോ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു

തെരുവുനായ കുറുകേചാടി നിയന്ത്രണം തെറ്റിയ ഓട്ടോ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽപുരയിടം വീട്ടിൽ ജെ.പി. സഖി(12)യാണ് മരിച്ചത്.
 

തിരുവനന്തപുരം: തെരുവുനായ കുറുകേചാടി നിയന്ത്രണം തെറ്റിയ ഓട്ടോ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി പുതുമണൽപുരയിടം വീട്ടിൽ ജെ.പി. സഖി(12)യാണ് മരിച്ചത്. ഓട്ടോ ഓടിച്ച സഖിയുടെ അച്ഛൻ ജോൺപോളിനും അമ്മ പ്രഭിന്ത്യക്കും ഇവർക്കൊപ്പം യാത്രചെയ്തിരുന്ന മാമ്പള്ളി സ്വദേശി സെൽബോറി(78)ക്കും പരിക്കേറ്റു.

ചൊവ്വാഴ്ച വൈകീട്ട്‌ മൂന്നോടെ കടയ്ക്കാവൂർ ഓവർബ്രിഡ്ജിനു സമീപമാണ് അപകടം നടന്നത്. കടയ്ക്കാവൂർ എസ്എസ്‌പിബി എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് സഖി. സ്കൂളിലെ പിടിഎ യോഗത്തിനുശേഷം അച്ഛനും അമ്മയ്ക്കുമൊപ്പം ഓട്ടോയിൽ പോകുമ്പോഴാണ് തെരുവുനായ കുറുകേചാടിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സഖിയെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലുമെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ ജോൺപോളും പ്രഭിന്ത്യയും സെൽബോറി(78)യും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്.

മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ജെ.പി. സത്യ സഹോദരനാണ്.