കോഴിക്കോട് സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ മറിഞ്ഞു; റോഡിലേക്ക് തെറിച്ചുവീണ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

 

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിൻറെ മകൻ 3 വയസ്സുകാരനായ മുഹമ്മദ് ഹിബാൻ ആണ് മരിച്ചത്. മുക്കം നോർത്ത് കാരശ്ശേരിയിൽ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.

അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസ് ഇടിച്ചതോടെ സ്കൂട്ടർ റോഡിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസ്സുകാരൻ തെറിച്ച് വീഴുകയും ബസിടിച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ പ്രതിഷേധിച്ച് എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാത നാട്ടുകാർ ഉപരോധിച്ചു. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.