മക്കൾ ജയിലിലായതിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തത് സിപിഎമ്മിൽ വിവാദമായി
ക്വട്ടേഷൻ ആക്രമണത്തിന് പോയ യുവാക്കളെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് പിതാവിന്റെ തൂങ്ങിമരണം. തണ്ണിത്തോട് മൂഴി കൊടുന്തറ പുത്തൻവീട്ടിൽ വൈ മത്തായി (54) യാണ് മരിച്ചത്.

പാർട്ടിയിലെ തർക്കങ്ങൾ കാരണം യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയാണ് മരിച്ച മത്തായിയുടെ മക്കളായ ലിബിൻ കെ മത്തായി (29), എബിൻ കെ മത്തായി (28) എന്നിവർ
പത്തനംതിട്ട : മക്കൾ ജയിലിലായതിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തത് സിപിഎമ്മിൽ വിവാദമായി. ക്വട്ടേഷൻ ആക്രമണത്തിന് പോയ യുവാക്കളെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് പിതാവിന്റെ തൂങ്ങിമരണം. തണ്ണിത്തോട് മൂഴി കൊടുന്തറ പുത്തൻവീട്ടിൽ വൈ മത്തായി (54) യാണ് മരിച്ചത്. ഞാറാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനടുത്തുള്ള മരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടത്.
പാർട്ടിയിലെ തർക്കങ്ങൾ കാരണം യുവാവിനെ ആക്രമിച്ച കേസിലെ പ്രതിയാണ് മരിച്ച മത്തായിയുടെ മക്കളായ ലിബിൻ കെ മത്തായി (29), എബിൻ കെ മത്തായി (28) എന്നിവർ. മത്തായിയുടെ മക്കളടക്കം മൂന്ന് പേരാണ് കേസിലെ പ്രതികൾ. മൂന്ന് പേരെയും കോടതി 20 വർഷം കഠിന തടവിനും 45,000 രൂപ പിഴയൊടുക്കുന്നതിനും കഴിഞ്ഞ ദിവസമാണ് കോടതി വിധിച്ചത്. തണ്ണിത്തോട് മണ്ണിറ നെടുമ്പുറത്ത് വീട്ടിൽ ബിനോയ് മാത്യു(50) വാണ് കേസിലെ മൂന്നാം പ്രതി.
തണ്ണിത്തോട് മണ്ണിറ പറങ്കിമാവിള വീട്ടിൽ സഞ്ജു(33)വിനെയാണ് മൂവർസംഘം കൊലപ്പെടുത്തിയത്. ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് കൊലപാതകം നടന്നത്. 2017 മാർച്ച് 31 ന് വൈകുന്നേരം 5 03 ന് ഈറച്ചപ്പാത്തിൽ വെച്ചാണ് മൂന്നംഗ സംഘം ക്രൂരമായി ആക്രമിക്കുന്നത്.
പാർട്ടിയിലെ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ അന്നത്തെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് സഞ്ജുവിനെ ആക്രമിച്ചതെന്നാണ് ആരോപണം. സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപം സഞ്ജുവും ബിനോയിയും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് ക്വട്ടേഷൻ ആക്രമത്തിലേക്ക് നയിച്ചതെന്ന് പറയുന്നു.