പാലക്കാട് തേനീച്ചകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിൽ ചാടിയ കർഷകൻ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു

ചിറ്റൂരിൽ തേനീച്ചകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിൽ ചാടിയ കർഷകൻ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു.രാവിലെ ഭാര്യയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം കൃഷിയിടത്തിലെത്തി മടങ്ങവേയാണ് അപ്രതീക്ഷിതമായി തേനീച്ചകളുടെ ആക്രമണം ഉണ്ടായത്.

 

പാലക്കാട് :ചിറ്റൂരിൽ തേനീച്ചകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കനാലിൽ ചാടിയ കർഷകൻ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു.രാവിലെ ഭാര്യയ്ക്കും കൊച്ചുമക്കൾക്കുമൊപ്പം കൃഷിയിടത്തിലെത്തി മടങ്ങവേയാണ് അപ്രതീക്ഷിതമായി തേനീച്ചകളുടെ ആക്രമണം ഉണ്ടായത്. നല്ലേപ്പിള്ളി സ്വദേശി സത്യരാജാണ് മരിച്ചത്. ഭാര്യ വിശാലാക്ഷി പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. 

തേനീച്ചകൾ പിന്തുടർന്ന് കുത്തിയതോടെ സത്യരാജ് രക്ഷപ്പെടാനായി തൊട്ടുടത്ത കനാലിലേക്ക് ചാടുകയായിരുന്നു. തേനീച്ചകളുടെ കുത്തേറ്റ വിശാലാക്ഷി മറ്റൊരു വഴിയിലൂടെ കൊച്ചുമക്കളുമായി ഓടി രക്ഷപ്പെട്ടു. ഇതിനിടെ കനാലിൽ ചാടിയ സത്യരാജ് ഒഴുക്കിൽപ്പെട്ടു. വിശാലാക്ഷി വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും നടത്തിയ തെരച്ചിലൊടുവിലാണ് സത്യരാജിൻറെ മൃതദേഹം കണ്ടെത്തിയത്.