എം ടി വാസുദേവൻ നായർ വിടവാങ്ങി
മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു
എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു
കോഴിക്കോട്: മലയാളത്തിന്റെ ഒരേയൊരു എംടി കഥാവശേഷനായി. രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എം.ടി.വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസതടസ്സവും വർധിച്ചതിനെത്തുടർന്നു 16നു പുലർച്ചെയാണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എംടിയോടുള്ള ആദരസൂചകമായി 26, 27 തീയതികളിൽ സംസ്ഥാന സർക്കാർ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. 26ന് വൈകിട്ട് 5ന് മാവൂർ പൊതുശ്മശാനത്തിലാണു സംസ്കാരം.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പാതിരാവും പകൽവെളിച്ചവും ആണ് ആദ്യ നോവൽ. പുസ്തകരൂപത്തിൽ പുറത്തിറങ്ങിയ ആദ്യ നോവൽ നാലുകെട്ടാണ് (1958). അന്ന് 25 വയസ്സായിരുന്നു എം ടിയുടെ പ്രായം. 1959ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നാലുകെട്ടിനായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കാലം (1969), വയലാര്‍ അവാര്‍ഡ് നേടിയ രണ്ടാമൂഴം (1984) , എൻ.പി.മുഹമ്മദും ചേർന്ന് എഴുതിയ അറബിപ്പൊന്ന് (1960), അസുരവിത്ത് (1962), മഞ്ഞ് (1964), വിലാപയാത്ര (1978), വാരാണസി (2002) എന്നിവയാണ് പ്രധാന നോവലുകള്‍. ഓടക്കുഴല്‍ അവാര്‍ഡ് നേടിയ വാനപ്രസ്ഥം, രക്തം പുരണ്ട മണ്‍ത്തരികള്‍, വെയിലും നിലാവും , വേദനയുടെ പൂക്കൾ, നിന്റെ ഓര്‍മയ്ക്ക്, ഓളവും തീരവും, ഇരുട്ടിന്റെ ആത്മാവ്, കുട്ട്യേടത്തി, നഷ്ടപ്പെട്ട ദിനങ്ങള്‍, ബന്ധനം, പതനം, കളിവീട്, ഡാർ എസ് സലാം, അജ്ഞാതന്റെ ഉയരാത്ത സ്മാരകം, അഭയം തേടി വീണ്ടും, സ്വര്‍ഗം തുറക്കുന്ന സമയം, ഷര്‍ലക്, തുടങ്ങി വായനക്കാര്‍ നെഞ്ചോടു ചേര്‍ത്ത നിരവധി കഥകളും എം ടിയുടെ തൂലികയില്‍ പിറന്നു.
രണ്ട് തവണ വിവാഹിതനായ എംടിയുടെ ആദ്യഭാര്യ എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളയാണ്. പിന്നീടാണ് പ്രശസ്ത നര്‍ത്തകിയായ കലാമണ്ഡലം സരസ്വതിയെ വിവാഹം ചെയ്തത്. കോഴിക്കോട് നടക്കാവില്‍ രാരിച്ചന്‍ റോഡിലുള്ള വീട് 'സിതാര'യിലായിരുന്നു ഏറെക്കാലമായി എംടിയുടെ താമസം.