തടി കുറയ്ക്കാൻ യൂട്യൂബിൽ പറഞ്ഞ മരുന്നു വാങ്ങി കഴിച്ചു ; 19 കാരിക്ക് ദാരുണാന്ത്യം 

വണ്ണം കുറയ്ക്കുന്നതിനായി യൂട്യൂബ് വിഡിയോയിൽ കണ്ട മരുന്നു വാങ്ങിക്കഴിച്ച 19 കാരി മരിച്ചു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പൽപുരം സ്വദേശിയായ കലൈഅരസി ആണ് മരിച്ചത്.
 

 മധുര: വണ്ണം കുറയ്ക്കുന്നതിനായി യൂട്യൂബ് വിഡിയോയിൽ കണ്ട മരുന്നു വാങ്ങിക്കഴിച്ച 19 കാരി മരിച്ചു. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. മീനമ്പൽപുരം സ്വദേശിയായ കലൈഅരസി ആണ് മരിച്ചത്. ശരീരഭാരം കുറയ്ക്കാൻ   യൂട്യൂബ് വിഡിയോ പെൺകുട്ടി കണ്ടിരുന്നു. തുടർന്ന് ജനുവരി 16ന് മരുന്നുകടയിൽനിന്നും വെങ്ങാരം വാങ്ങിക്കുകയായിരുന്നു. പിറ്റേന്ന് രാവിലെ ഇത് കഴിച്ചതിനെ തുടർന്ന് കടുത്ത ഛർദ്ദിയും വയറിളക്കവും ഉണ്ടായി.

തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ വൈകിട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിൻറെ പരാതിയിൽ സെല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ മരണകാരണം സ്ഥിരീകരിക്കൂ എന്ന് പൊലീസ് പറഞ്ഞു.