ചെന്നൈയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം;  മലയാളി നിയമവിദ്യാർഥിനി മരിച്ചു

ചെന്നൈ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് സ്വദേശിനി ജിനു (21) ആണ് മരിച്ചത്.

 

ചെന്നൈ : ചെന്നൈ നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് സ്വദേശിനി ജിനു (21) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കോട്ടൂർപുരം ഗാന്ധിമണ്ഡപം റോഡിൽ അണ്ണാ സർവകലാശാലയുടെ ഔട്ടർ ഗേറ്റിന് സമീപമായിരുന്നു അപകടം.

ചെന്നൈ അംബേദ്കർ ലോ കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർഥിനിയാണ് ജിനു. കോളേജ് പരിപാടിയിൽ പങ്കെടുത്ത അതിഥിയെ നുങ്കമ്പാക്കത്തെ വീട്ടിൽ കൊണ്ടുവിട്ട് സഹപാഠികൾക്കൊപ്പം മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിന് മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് യു-ടേൺ എടുത്തതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം വിട്ട കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ഇടിയുടെ ആഘാതത്തിൽ ജിനു സംഭവസ്ഥലത്ത് തന്നെ മരിക്കുകയുമായിരുന്നു.

Also Read: ശബരിമല സ്വർണക്കൊള്ള കേസ്; എൻ. വാസുവിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും, മൊഴികളിൽ അവ്യക്തത

ജിനുവിനൊപ്പമുണ്ടായിരുന്ന സഹപാഠികളായ പ്രിയ, ജഗദീപ്, ആർത്തിപ് എന്നിവർക്കും മറുഭാഗത്തെ കാർ ഡ്രൈവർ വെങ്കിടേശിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ റോയപ്പേട്ട ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് വടക്കഞ്ചേരി മൂലങ്കോട് കാവുങ്കൽ വീട്ടിൽ എൻ. വിജയകുമാറിന്റെയും വിജയകുമാരിയുടെയും മകളാണ് ജിനു. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 10-ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ നടക്കും.