കോഴിക്കോട് ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി; യുവാവിന് ദാരുണാന്ത്യം
ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി കായംകുളം സ്വദേശിയായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു.
Apr 11, 2026, 19:05 IST
കോഴിക്കോട്: ബസ് നന്നാക്കുന്നതിനിടെ ജാക്കി തെന്നിമാറി കായംകുളം സ്വദേശിയായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു. കായംകുളം പട്ടോളി മാർക്കറ്റ് മീനത്തേൽ പുതുവൽ പ്രകാശ്-ലതിക ദമ്പതിമാരുടെ മകൻ ഗിരിപ്രകാശ് (23) ആണ് മരിച്ചത്. കോഴിക്കോട് സരോവരം ഗ്രൗണ്ടിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം.
കോഴിക്കോട്ടെ സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരായ ഗിരിപ്രകാശും സഹപ്രവർത്തകൻ അശ്വിനും ചേർന്ന് ബസ് ജാക്കി വെച്ച് ഉയർത്തി അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ജാക്കി തെന്നിമാറി ബസ് ഇരുവരുടെയും മുകളിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗിരിപ്രകാശ് മരണത്തിന് കീഴടങ്ങി. പരിക്കേറ്റ അശ്വിൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.