പാചകവാതകം ചോർന്ന് തീപടർന്ന് ഹോട്ടലുടമ മരിച്ചു
ആര്യനാട് സിലിൻഡറിൽനിന്നു പാചകവാതകം ചോർന്ന് തീപിടിച്ച് ഹോട്ടൽ ഉടമ ഉഴമലയ്ക്കൽ പരുത്തിക്കുഴി നല്ലിക്കുഴി റോഡരികത്തുവീട്ടിൽ വിജയൻ (65) മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് മാണിക്യപുരം ജങ്ഷനിലെ ആർഷ ഫാസ്റ്റ് ഫുഡ് കടയാണ് കത്തിയത്.
തിരുവനന്തപുരം: ആര്യനാട് സിലിൻഡറിൽനിന്നു പാചകവാതകം ചോർന്ന് തീപിടിച്ച് ഹോട്ടൽ ഉടമ ഉഴമലയ്ക്കൽ പരുത്തിക്കുഴി നല്ലിക്കുഴി റോഡരികത്തുവീട്ടിൽ വിജയൻ (65) മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് മാണിക്യപുരം ജങ്ഷനിലെ ആർഷ ഫാസ്റ്റ് ഫുഡ് കടയാണ് കത്തിയത്. തീപടർന്നതോടെ വിജയനു പുറത്തിറങ്ങാൻ കഴിയാതെ ഷട്ടർ താഴ്ന്നതാണ് മരണത്തിനിടയാക്കിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് അഗ്നിശമനസേനയെത്തി തീ കെടുത്തുകയായിരുന്നു. കടയ്ക്കുള്ളിലുണ്ടായിരുന്ന അഞ്ച് സിലിൻഡറുകൾ തീപടരാതെ അഗ്നിശമനസേന പുറത്തേക്കു മാറ്റി.
ഭാര്യ ഗിരിജയും പേരക്കുട്ടിയും കടയിൽനിന്നു വീട്ടിലേക്കു മടങ്ങിയതിനുപിന്നാലെയായിരുന്നു ദുരന്തം. സിലിൻഡറിന് ചോർച്ചയുണ്ടെന്ന് നേരത്തേ വിജയൻ ഏജൻസിയെ അറിയിച്ചിരുന്നുവെന്നാണ് സൂചന. നാലരവർഷം മുൻപാണ് വിജയനും ഗിരിജയും ചേർന്ന് ഹോട്ടൽ തുടങ്ങിയത്. ഇതിനുമുൻപ് കഴക്കൂട്ടത്തുൾപ്പെടെ ഹോട്ടലുകളിൽ ജീവനക്കാരനായിരുന്നു. രണ്ടര സെന്റിലെ ചെറിയ വീട്ടിലാണ് കുടുംബം കഴിയുന്നത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മക്കൾ: വിഷ്ണു, അഞ്ജു. മരുമക്കൾ: അഞ്ജു, ബൈജു.