ആൺ സുഹൃത്തിന്റെ വിവാഹം ഉറപ്പിച്ചു ; മനംനൊന്ത് യുവാവിന്റെ     യുവതി തൂങ്ങിമരിച്ചു    

ആൺസുഹൃത്തിന്റെ വിവാഹം ഉറപ്പിച്ചതിൽ മനംനൊന്ത് വീട്ടിനുള്ളിൽ കയറി യുവതി തൂങ്ങിമരിച്ചു. പൂന്തുറ കല്ലുംമൂട് പുതുവൽ പുത്തൻവീട്ടിൽ സുനിലിന്റെ ഭാര്യ സന്ധ്യ ആണ് മരിച്ചത്.

 

തിരുവനന്തപുരം : ആൺസുഹൃത്തിന്റെ വിവാഹം ഉറപ്പിച്ചതിൽ മനംനൊന്ത് വീട്ടിനുള്ളിൽ കയറി യുവതി തൂങ്ങിമരിച്ചു. പൂന്തുറ കല്ലുംമൂട് പുതുവൽ പുത്തൻവീട്ടിൽ സുനിലിന്റെ ഭാര്യ സന്ധ്യ ആണ് മരിച്ചത്. മുട്ടത്തറ വടുവത്ത് സ്വദേശി അരുണിന്റെ വീട്ടിലാണ് സന്ധ്യ തൂങ്ങിമരിച്ചത്.

അരുണ്‍ വിവാഹം കഴിക്കാന്‍ നീക്കം നടത്തുന്നുവെന്ന വിവരം യുവതി അറിഞ്ഞിരുന്നു. ഇതിന്‍റെ പ്രകോപനത്തിലാണ് യുവതി വീട്ടില്‍ കടന്നുകയറി മുറിയ്‌ക്കുളളില്‍ മരിച്ചതെന്ന് പൂന്തുറ പോലീസ് പറഞ്ഞു.

അരുണും സന്ധ്യയും സ്‌കൂളിൽ ഏഴാം ക്ലാസ് വരെ ഒരുമിച്ചു പഠിച്ചവരാണ്. ആറു വർഷം മുൻപ് നടന്ന പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തതിനു ശേഷമാണ് ഇവർ വീണ്ടും സൗഹൃദത്തിലായത്.അരുണിന്റെ വിവാഹക്കാര്യത്തെച്ചൊല്ലി വ്യാഴാഴ്ച രാത്രിയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. കാറില്‍ വരികയായിരുന്ന അരുണിനെ തടഞ്ഞുനിര്‍ത്തിയ യുവതി, ബലമായി കാറിനുള്ളില്‍ക്കയറിയ ശേഷം സീറ്റുകള്‍ കത്തി കൊണ്ട് കുത്തിക്കീറിയിരുന്നു

വെള്ളിയാഴ്ച കാർ നന്നാക്കാൻ അരുൺ പുറത്തുപോയ സമയത്താണ് സന്ധ്യ വീട്ടിൽ എത്തിയത്. അരുണിന്റെ അച്‌ഛനും അമ്മയും ജോലിക്കു പോയിരുന്നു. സന്ധ്യ വീട്ടിലെത്തുമ്പോൾ അരുണിന്റെ അമ്മയുടെ സഹോദരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരെ തള്ളിമാറ്റി വീടിനുള്ളിൽ കയറിയ സന്ധ്യ, അരുണിന്റെ മുറിയിൽ കയറി വാതിലടച്ച് കെട്ടിതൂങ്ങി മരിക്കുകയായിരുന്നു.

പാൽക്കുളങ്ങരയിലെ വീട്ടിൽ വീട്ടുജോലിക്കു പോയിരുന്ന സന്ധ്യ പലരിൽനിന്നു പണം കടം വാങ്ങി അരുണിന് നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ആത്മഹത്യക്കുറിപ്പോ മറ്റൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി. സിന്ധുവിന് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്.