അമ്മൂമ്മയ്‌ക്കൊപ്പം നടന്നുപോയ മൂന്നുവയസ്സുകാരി കാറിടിച്ച് മരിച്ചു
കണ്ണൂർ: പയ്യാവൂരിൽ അമ്മൂമ്മയ്‌ക്കൊപ്പം റോഡരികിലൂടെ നടക്കുകയായിരുന്ന മൂന്നുവയസ്സുകാരി അമിതവേഗത്തിലെത്തിയ കാറിടിച്ച് മരിച്ചു. ചമതച്ചാലിലെ അനു-സോയി ദമ്പതിമാരുടെ ഏക മകൾ നോറയാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറിന് അമ്മൂമ്മ ഷിജിക്കൊപ്പം തൊട്ടടുത്ത വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് അപകടം.
ചമതച്ചാൽ വളവിൽനിന്ന് രണ്ടു വാഹനങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ കുട്ടിയെയും അമ്മൂമ്മയെയും ഇടിച്ചിടുകയായിരുന്നു. സ്ഥലത്തെ മൈൽക്കുറ്റിയും ഇടിച്ച് തകർത്താണ് കാർ നിന്നത്. നാട്ടുകാർ നോറയെ ഉടൻ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിജിയെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മാതാപിതാക്കൾ വിദേശത്തായതിനാൾ അപ്പൂപ്പൻ ചമതച്ചാലിൽ ഉറവക്കുഴിയിൽ അബ്രഹാമിനും അമ്മൂമ്മ ഷിജിക്കുമൊപ്പമാണ് നോറ താമസിച്ചിരുന്നത്.
കാറോടിച്ച അരവഞ്ചാൽ സ്വദേശി അമലിനെതിരേ പയ്യാവൂർ പോലീസ് മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഇരിട്ടി കോളിത്തട്ടിൽനിന്ന് വീട്ടിലേക്ക് കാറിൽ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. നോറയുടെ സംസ്‌കാരം ഞായറാഴ്ച മൂന്നിന് ചമതച്ചാൽ സെയ്ന്റ് സ്റ്റീഫൻസ് ക്‌നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും.