വിഴിഞ്ഞത്ത് മത്സ്യബന്ധനം കഴിഞ്ഞ് വരുന്നതിനിടെ മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു
മത്സ്യബന്ധനത്തിന് ശേഷം ഫിഷ് ലാൻഡിങ് സെന്ററിലേക്ക് വരുമ്പോൾ മത്സ്യത്തൊഴിലാളി വള്ളത്തിൽ നിന്ന് കടലിലേക്ക് വീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ റിച്ചാർഡ് ജോൺ(41) ആണ് മരിച്ചത്
Feb 4, 2026, 20:32 IST
തിരുവനന്തപുരം: മത്സ്യബന്ധനത്തിന് ശേഷം ഫിഷ് ലാൻഡിങ് സെന്ററിലേക്ക് വരുമ്പോൾ മത്സ്യത്തൊഴിലാളി വള്ളത്തിൽ നിന്ന് കടലിലേക്ക് വീണ് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം ചരുവിള കോളനിയിൽ റിച്ചാർഡ് ജോൺ(41) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ വിഴിഞ്ഞം ഹാർബറിലായിരുന്നു സംഭവം.
തിങ്കളാഴ്ച്ച പുലർച്ചെ നാലരയോടെ സുഹൃത്തുക്കളായ സോളമൻ, സ്റ്റാൻലി എന്നിവർക്കൊപ്പം മീൻ പിടിക്കാൻ പോയതായിരുന്നു റിച്ചാർഡ്. തിരികെയെത്തി ഫിഷ് ലാൻഡിങ് സെൻ്ററിലേക്ക് വള്ളമടുപ്പിക്കാൻ ശ്രമിക്കവെ റിച്ചാർഡ് അവശനായി വള്ളത്തിൽ നിന്ന് കടലിലേക്ക് വീഴുകയായിരുന്നു.
സംഭവ സമയം വള്ളത്തിലുണ്ടായിരുന്ന സോളമൻ കടലിൽ ചാടി റിച്ചാർഡിനെ കരയിൽ കയറ്റി. ഉടൻ വിഴിഞ്ഞം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.