ഹംഗറിയിലെ  പ്ലാന്റിൽ സ്ഫോടനം; ഒരാൾ മരിച്ചു

 

ബുഡാപെസ്റ്റ്: കിഴക്കൻ ഹംഗറിയിലെ ടിസാഉജ്വാരോസിലുള്ള പെട്രോകെമിക്കൽ പ്ലാന്റിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹംഗേറിയൻ ഊർജ്ജ കമ്പനിയായ 'മോൾ ഗ്രൂപ്പിന്റെ' (MOL Group) ഉടമസ്ഥതയിലുള്ള ഒലെഫിൻ-1 (Olefin-1) പ്ലാന്റിലാണ് വെള്ളിനാഴ്ച രാവിലെ സ്ഫോടനമുണ്ടായത്.

അറ്റകുറ്റപ്പണികൾക്ക് ശേഷം പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്ന് ഹംഗേറിയൻ പ്രധാനമന്ത്രി പീറ്റർ മഗ്യാർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. പൈപ്പ് ലൈനിലെ ഹൈഡ്രോകാർബൺ ചോർച്ചയാണ് പെട്ടെന്നുള്ള സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സ്ഫോടനത്തെ തുടർന്ന് പ്ലാന്റിൽ നിന്ന് വൻതോതിൽ കറുത്ത പുക ഉയർന്നത് പ്രദേശത്ത് ഭീതി പരത്തി.പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്.

പരിക്കേറ്റവരെ ദെബ്രെസെൻ, മിസ്കോൾക്സ് എന്നീ നഗരങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റാൻ എയർ ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാധുനിക സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിരുന്നു.

സ്ഫോടനം നടന്നയുടൻ തന്നെ പ്ലാന്റിലെയും സമീപപ്രദേശങ്ങളിലെയും അഗ്നിശമനസേനാംഗങ്ങൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതൊരു വ്യാവസായിക അപകടം മാത്രമാണെന്നും അട്ടിമറി സാധ്യതകൾ ഇല്ലെന്നും മോൾ ഗ്രൂപ്പ് സിഇഒ സോൾട്ട് ഹെർണാഡി വ്യക്തമാക്കി.

സ്ഫോടനത്തെ തുടർന്ന് അന്തരീക്ഷത്തിൽ വിഷവാതകങ്ങൾ കലർന്നിട്ടില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും പ്രാദേശിക ഭരണകൂടവും ദുരന്തനിവാരണ വിഭാഗവും അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കമ്പനിയും ഹംഗേറിയൻ സർക്കാരും സംയുക്തമായി ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.