പ്രശസ്ത നര്‍ത്തകി ഡോ.കനക് റെലെ അന്തരിച്ചു
പ്രശസ്ത നര്‍ത്തകി ഡോ.കനക് റെലെ (86)അന്തരിച്ചു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. പത്മഭൂഷണ്‍ ജേതാവായ ഡോ. റെലെ, നളന്ദ നൃത്ത ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും മുംബൈയിലെ നളന്ദ നൃത്യ കലാ മഹാവിദ്യാലയത്തിന്റെ സ്ഥാപക-പ്രിന്‍സിപ്പലുമാണ്.
അസുഖബാധയെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു റെലെ.
മോഹിനിയാട്ടത്തെ ആഗോള പ്രശസ്തിയിലെത്തിച്ച നര്‍ത്തകിയാണ് കനക് റെലെ. ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങളുടെ പ്രചാരണത്തിനും ഗവേഷണത്തിനും വേണ്ടി തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ച കനക് റെലെ മോഹനിയാട്ടത്തെ സാധാരണ ജനങ്ങളിലേക്ക് എത്തിക്കാന്‍ പരിശ്രമിച്ച നര്‍ത്തകി കൂടയാണ്.
എട്ടു പതിറ്റാണ്ടു നീണ്ട കലാജീവിതത്തിന് ഉടമയായ കനക് റെലെയ്ക്ക് രാജ്യം പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികള്‍ നല്‍കി ആദരിച്ചു.സംഗീത നാടക അക്കാദമി പുരസ്‌കാരം, കാളിദാസ സമ്മാനം, എംഎസ് സുബ്ബലക്ഷ്മി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. കനക് റെലെയുടെ നിര്യാണത്തില്‍ ഒട്ടേറെ പ്രമുഖര്‍ അനുശോചിച്ചു. യതീന്ദ്ര റെലെയാണ് ഭര്‍ത്താവ്. രണ്ടു മക്കളുണ്ട്.