പെരുമ്പാവൂരിൽ പുഴയിൽവീണ സഹോദരിയെ രക്ഷപ്പെടുത്താൻ പുഴയിലേക്കുചാടിയ പെൺകുട്ടി മുങ്ങി മരിച്ചു

വാഴക്കുളം മുടിക്കൽ മൗലൂദുപുര റോഡിൽ പുളിക്കക്കുടി ഷാജഹാന്റെയും സൈനയുടെയും മകൾ ഫാത്തിമ ഷെറിനാണ് മരിച്ചത്. സഹോദരി ഫർഹത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി. പെരിയാറിലെ തടി ഡിപ്പോ കടവിൽ ശനിയാഴ്ച രാവിലെ 6.30 നാണ് അപകടം. 

 

ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വീണ ഫർഹത്തിനെ രക്ഷപ്പെടുത്താൻ പുഴയിലേക്കുചാടിയ ഫാത്തിമ ഒഴുക്കിൽപ്പെട്ടു

കൊച്ചി : പെരുമ്പാവൂരിൽ കാൽവഴുതി പുഴയിൽവീണ സഹോദരിയെ രക്ഷപ്പെടുത്താൻ പുഴയിലേക്കുചാടിയ പെൺകുട്ടി മുങ്ങി മരിച്ചു. വാഴക്കുളം മുടിക്കൽ മൗലൂദുപുര റോഡിൽ പുളിക്കക്കുടി ഷാജഹാന്റെയും സൈനയുടെയും മകൾ ഫാത്തിമ ഷെറിനാണ് (19) മരിച്ചത്. സഹോദരി ഫർഹത്തി (15) നെ നാട്ടുകാർ രക്ഷപ്പെടുത്തി. പെരിയാറിലെ തടി ഡിപ്പോ കടവിൽ ശനിയാഴ്ച രാവിലെ 6.30 നാണ് അപകടം. 

മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ രാവിലെ നടക്കാനെത്തിയ സഹോദരിമാർ ഇടയ്ക്ക് സെൽഫി എടുക്കുന്നതിനായി കടവിലെ പാറയിൽ കയറിയതാണ്. ഫോട്ടോ എടുക്കുന്നതിനിടെ കാൽവഴുതി വീണ ഫർഹത്തിനെ രക്ഷപ്പെടുത്താൻ പുഴയിലേക്കുചാടിയ ഫാത്തിമ ഒഴുക്കിൽപ്പെട്ടു. കടവിനുസമീപം ചൂണ്ടയിട്ടിരുന്നവരാണ് ഫർഹത്തിനെ രക്ഷപ്പെടുത്തിയത്.

പെരുമ്പാവൂർ അഗ്നിസുരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ടി.കെ. സുരേഷിന്റെ നേതൃത്വത്തിൽ കോതമംഗലത്തുനിന്നും എത്തിയ സ്കൂബ ടീം ഒന്നരമണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിൽ അൻപതുമീറ്റർ അകലെ മൃതദേഹം കണ്ടെത്തി. ഫാത്തിമ പെരുമ്പാവൂർ മാർത്തോമ്മാ വനിതാ കോളേജ് ബിഎ ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർഥിനിയാണ്. ഖത്തറിൽ ഡ്രൈവറായ പിതാവ് ഷാജഹാൻ അവധിക്ക് നാട്ടിലെത്തി മൂന്നുദിവസം മുൻപാണ് തിരികെപോയത്.