സ്തനവലിപ്പത്തിന് ശസ്ത്രക്രിയ, 14-കാരിക്ക് ദാരുണാന്ത്യം ; ശസ്ത്രക്രിയ നടത്തിയത് അമ്മയുടെ കാമുകൻ

മെക്‌സിക്കോ സിറ്റി: സ്തനത്തിന്റെയും നിതംബത്തിന്‍റെയും വലിപ്പംകൂട്ടാന്‍ ശസ്ത്രക്രിയ നടത്തിയ പതിന്നാലുകാരിക്ക് ദാരുണാന്ത്യം . മെക്‌സിക്കോയിലാണ് സംഭവം

 


മെക്‌സിക്കോ സിറ്റി: സ്തനത്തിന്റെയും നിതംബത്തിന്‍റെയും വലിപ്പംകൂട്ടാന്‍ ശസ്ത്രക്രിയ നടത്തിയ പതിന്നാലുകാരിക്ക് ദാരുണാന്ത്യം . മെക്‌സിക്കോയിലാണ് സംഭവം. പലോമ നിക്കോള്‍ അരെല്ലാനോ എന്നു പേരുള്ള കുട്ടിയാണ് മരിച്ചത്. സംഭവത്തില്‍ അമ്മയുടെ കാമുകനും പ്ലാസ്റ്റിക് സര്‍ജനുമായ കാമുകനെതിരേ അശ്രദ്ധമൂലമുള്ള നരഹത്യക്ക് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ഒരാഴ്ച മുന്‍പാണ് ശസ്ത്രക്രിയ നടന്നത്. തലച്ചോറില്‍ നീര്‍ക്കെട്ടും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളും കാരണം കോമയിലായിരുന്ന പലോമ, ഡുറാന്‍ഗോയിലുള്ള ഒരാശുപത്രിയില്‍വെച്ചാണ് മരിച്ചത്. കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ടാണ് മകള്‍ മരിക്കാനിടയായതെന്ന് അച്ഛനെ പറഞ്ഞ് വിശ്വസിപ്പിച്ചു. എന്നാല്‍, സംസ്‌കാരച്ചടങ്ങിനിടെ ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് മരണകാരണം പുറത്തറിഞ്ഞത്.

സംശയം തോന്നിയ അച്ഛന്‍ തന്റെ മുന്‍ഭാര്യയായ, കുട്ടിയുടെ അമ്മയോട് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും അവര്‍ക്ക് ഒന്നുമറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് മുന്‍ഭാര്യയെയും കുടുംബാംഗങ്ങളെയും മുറിയില്‍നിന്ന് പുറത്താക്കി കുടുംബം നടത്തിയ അന്വേഷണത്തില്‍ അസ്വാഭാവികത കണ്ടതോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.

പെണ്‍കുട്ടിയുടെ അമ്മയുടെ പങ്കാളിയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടു. മുന്‍ ഭാര്യയും അവരുടെ പങ്കാളിയും കള്ളം പറഞ്ഞ് ഇക്കാര്യം തന്നില്‍നിന്ന് മറച്ചുവെയ്ക്കുകയായിരുന്നെന്നും മകളുടെ മരണത്തിന് ഉത്തരവാദി അവരാണെന്നും അച്ഛന്‍ കാര്‍ലോസ് അരെലാനോ ആരോപിച്ചു.