ജീവനെടുത്ത വാതുവെപ്പ് : കനത്ത സാമ്പത്തിക നഷ്ടവും മാനസിക സമ്മര്‍ദ്ദവും , പൂനെയില്‍ ടിസിഎസ് യുവ എഞ്ചിനീയര്‍ ഓഫീസ് ശുചിമുറിയില്‍ ജീവനൊടുക്കി
ഹിഞ്ചേവാടിയില്‍ യുവ എഞ്ചിനീയര്‍ ഓഫീസ് ശുചിമുറിയില്‍ തൂങ്ങി മരിച്ചു. ടാറ്റ കണ്‍സള്‍ട്ടൻസി സര്‍വീസസിൽ ജോലി ചെയ്യുന്ന സുജൽ വിനോദ് ഓസ്വാൾ (24) ആണ് മരിച്ചത്
പൂനെ: ഹിഞ്ചേവാടിയില്‍ യുവ എഞ്ചിനീയര്‍ ഓഫീസ് ശുചിമുറിയില്‍ തൂങ്ങി മരിച്ചു. ടാറ്റ കണ്‍സള്‍ട്ടൻസി സര്‍വീസസിൽ ജോലി ചെയ്യുന്ന സുജൽ വിനോദ് ഓസ്വാൾ (24) ആണ് മരിച്ചത്. മൊബൈല്‍ ചാര്‍ജിംഗ് വയര്‍ ഉപയോഗിച്ച് ജീവനൊടുക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ, വാതുവെപ്പില്‍ കനത്ത സാമ്പത്തിക നഷ്ടം നേരിട്ടതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് നിഗമനം. കടുത്ത മാനസിക സമ്മര്‍ദ്ദം നേരിട്ടതായും പറയപ്പെടുന്നുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പുലർച്ചെ 12.30നാണ് വിനോദിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. “പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയെന്നാണ് നിഗമനമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വാതുവെപ്പിൽ നഷ്ടം സംഭവിച്ചുവെന്ന് മരിക്കുന്നതിന് മുൻപ് കുടുംബാംഗങ്ങൾക്ക് സന്ദേശം അയച്ചിരുന്നതായി പൊലീസ് പറഞ്ഞു.
നിലവിൽ, സഹപ്രവർത്തകരുമായും കുടുംബാംഗങ്ങളുമായും കമ്പനി പ്രതിനിധികളുമായും പൊലീസ് സംസാരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാൻ അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു.