പ്രവചനങ്ങളുടെ തമ്പുരാൻ ;പ്രശസ്ത ജ്യോതിഷപണ്ഡിതൻ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട് അന്തരിച്ചു
പ്രശസ്ത ജ്യൗതിഷിയും ഗ്രന്ഥകാരനുമായ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട്(95) അന്തരിച്ചു. വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം ക്ഷേത്രത്തിനടുത്ത് ഐശ്വര്യ ബംഗ്ലാവിലായിരുന്നു താമസം.
തിരുവനന്തപുരം: പ്രശസ്ത ജ്യൗതിഷിയും ഗ്രന്ഥകാരനുമായ പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാട്(95) അന്തരിച്ചു. വട്ടിയൂർക്കാവ് മണികണ്‌ഠേശ്വരം ക്ഷേത്രത്തിനടുത്ത് ഐശ്വര്യ ബംഗ്ലാവിലായിരുന്നു താമസം. അസുഖബാധിതനായി തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് അന്ത്യം.
പൂഞ്ഞാർ രാജവംശത്തിലെ കേണൽ ഗോദവർമരാജയുടെ സഹോദരീപുത്രി ഭവാനി തമ്പുരാട്ടിയെ വിവാഹം കഴിച്ചശേഷം പൂഞ്ഞാർ കാഞ്ഞിരമറ്റം പാലസിലായിരുന്നു താമസിച്ചിരുന്നത്. ഗുരുകുലവാസത്തിൽ അഭ്യസനം കഴിഞ്ഞ അദ്ദേഹം നാടുവിട്ട് ആദ്യകാലത്ത് തഞ്ചാവൂരിൽ താമസിച്ചിരുന്നു. പിന്നീട് എറണാകുളത്ത് ഡാൻസ് മാസ്റ്ററായും കോഴിക്കോട് ആകാശവാണി ഉദ്യോഗസ്ഥനായും പ്രവർത്തിച്ചു. വിഴിഞ്ഞം പൗർണമിക്കാവ് ബാലത്രിപുരസുന്ദരി ദേവീക്ഷേത്രത്തിലെ തന്ത്രിയാണ്.തൃപ്പൂണിത്തുറ ഏരൂരിലെ എളപ്രക്കോടത്ത് മനയിലെ അംഗമാണ്.
വേദം, സംഗീതം, നൃത്തകല, വിവിധ ഭാഷകൾ എന്നിവയിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. രാജ്യത്തെ പല പ്രമുഖ രാഷ്ട്രീയനേതാക്കളുടെയും സ്വകാര്യ ജ്യൗതിഷിയായിരുന്ന അദ്ദേഹം ‘മാതൃഭൂമി’യടക്കം പല പ്രസിദ്ധീകരണങ്ങളിലും കവിതകളും ലേഖനങ്ങളും രചിച്ചിട്ടുണ്ട്. േജ്യാതിഷരംഗത്ത് പ്രവചനസ്വഭാവമുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 100 വർഷത്തെ പഞ്ചാംഗം ഗണിച്ച് എഴുതിയിരുന്നു.
ആന്ധ്ര സർക്കാരിന്റെ ആർഷജ്ഞാനസരസ്വതി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ, കെ.ജെ.യേശുദാസ് തുടങ്ങി നിരവധിപേർ അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ബഹ്‌െെറനിലെ ഷെയ്ക്ക് അടക്കം നിരവധി വ്യക്തികൾ പൂഞ്ഞാറിലെത്തി അദ്ദേഹത്തെ സന്ദർശിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ ഭവാനി തമ്പുരാട്ടി. മക്കൾ: മഞ്ജുള വർമ(റിട്ട. കാത്തലിക് സിറിയൻ ബാങ്ക്), അജയ്‌വർമ രാജ(ഏഷ്യാനെറ്റ്), രഞ്ജിനി വർമ(മുൻ ആകാശവാണി മ്യൂസിക് പ്രൊഡ്യൂസർ). മരുമക്കൾ: മോഹനവർമ(റിട്ട. സഹകരണ ബാങ്ക് ഉദ്യോഗസ്ഥൻ), പ്രസാദ് വർമ(റിട്ട. എഫ്.എ.സി.ടി. ഉദ്യോഗസ്ഥൻ), രസിക. മൃതദേഹം വട്ടിയൂർക്കാവിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ തൃപ്പൂണിത്തുറ അന്യോന്യത്തിലേക്കു കൊണ്ടുപോകും. 10-ന് സംസ്‌കാരം.