ആലപ്പുഴയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലേക്ക് പാഞ്ഞ് കയറി; യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ മാവേലിക്കരയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മാവേലിക്കര പ്രായിക്കര കുന്നിൽ വീട്ടിൽ പരേതനായ കാർത്തികേയന്റേയും സുമയുടേയും മകൻ കലേഷ് കാർത്തികേയൻ (31) ആണ് മരിച്ചത്.
മാവേലിക്കര: ആലപ്പുഴ മാവേലിക്കരയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മാവേലിക്കര പ്രായിക്കര കുന്നിൽ വീട്ടിൽ പരേതനായ കാർത്തികേയന്റേയും സുമയുടേയും മകൻ കലേഷ് കാർത്തികേയൻ (31) ആണ് മരിച്ചത്. ഉമ്പർനാടുള്ള അമ്മ വീട്ടിൽ നിന്നും പ്രായിക്കരയിലുള്ള വീട്ടിലേക്ക് വരവെ ചൊവ്വാഴ്ച പുലർച്ചെ 12.05 ഓടെ കുടുംബ കോടതിയ്ക്ക് സമീപമായിരുന്നു സംഭവം.
നിയന്ത്രണം തെറ്റിയ ബൈക്ക് റോഡരികിൽ നിന്ന മരത്തിലിടിച്ച് മറിയുകയായിരുന്നു. പിന്നാലെ വന്ന സഹോദരൻ വിഷ്ണുവിന്റെ ബൈക്ക്, അപകടത്തിൽ റോഡിൽ വീണുകിടന്ന കലേഷിന്റെ ബൈക്കിൽ ഇടിച്ചു മറിഞ്ഞു. ബൈക്കിൽ നിന്നും വീണ വിഷ്ണുവിന് നിസാര പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കലേഷിനെ ഉടൻതന്നെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെയിന്റിംഗ് തൊഴിലാളിയായിരുന്നു കലേഷ്. മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തി.