തഞ്ചാവൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

തമിഴ്നാട് തഞ്ചാവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തലയോലപ്പറമ്പ് ഇടവട്ടം സ്വദേശി മരിച്ചു. ഇടവട്ടം രാഗരശ്മിയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തഞ്ചാവൂര്‍ നാഗപട്ടണം റീജണല്‍ ഓഫീസിലെ ജീവനക്കാരന്‍ എം. രാഹുല്‍ (36) ആണ് മരിച്ചത്.
 

തലയോലപ്പറമ്പ് : തമിഴ്നാട് തഞ്ചാവൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് തലയോലപ്പറമ്പ് ഇടവട്ടം സ്വദേശി മരിച്ചു. ഇടവട്ടം രാഗരശ്മിയില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തഞ്ചാവൂര്‍ നാഗപട്ടണം റീജണല്‍ ഓഫീസിലെ ജീവനക്കാരന്‍ എം. രാഹുല്‍ (36) ആണ് മരിച്ചത്.

തിങ്കളാഴ്ച ജോലിക്കുശേഷം സ്‌പോര്‍ട്സ് മീറ്റില്‍ പങ്കെടുത്ത് താമസസ്ഥലത്തേക്കു മടങ്ങുന്നതിനിടെ രാത്രി ഒന്‍പതിനായിരുന്നു അപകടം. റോഡില്‍ തലയടിച്ചുവീണ രാഹുലിനെ തമിഴ്നാട് പോലീസെത്തി തിരുവാരൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

രാഹുലിന്റെ ലൈസന്‍സില്‍നിന്ന് വിലാസം കണ്ടെത്തി ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ബുധനാഴ്ച രാവിലെ വീട്ടിലെത്തിക്കും. വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

ചൊവ്വാഴ്ച ഇടവട്ടത്തെ വീട്ടിലേക്ക് വരാനിരിക്കേയായിരുന്നു അപകടം. അമ്മ: കൃഷ്ണകുമാരി. ഭാര്യ: പൂര്‍ണിമാ മോഹന്‍ (ആലപ്പുഴ ചെക്കിടിക്കാവ് എടത്വാ കാര്‍ത്തിക കുടുംബാംഗം) മകന്‍: ഇഷാന്‍ കൃഷ്ണ (വെള്ളൂര്‍ ഭവന്‍സ് സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥി).