മലബാറിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മുസ്‌ലിം വനിത, മാളിയേക്കൽ മറിയുമ്മ അന്തരിച്ചു 

തലശ്ശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കൽ തറവാട്ടിലെ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്‌ലിം കുടുംബങ്ങളിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മറിയുമ്മ.
 

കണ്ണൂർ: തലശ്ശേരി ടി.സി മുക്കിലെ പുതിയ മാളിയേക്കൽ തറവാട്ടിലെ പി.എം മറിയുമ്മ (99) അന്തരിച്ചു. മലബാറിലെ പുരാതന മുസ്‌ലിം കുടുംബങ്ങളിൽ ആദ്യമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ വനിതയാണ് മറിയുമ്മ.

മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന കാലത്ത് സമുദായത്തിൽനിന്ന് കോൺവന്റ് സ്‌കൂളിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ച സ്ത്രീയാണ് മാളിയേക്കൽ മറിയുമ്മ. സ്വാതന്ത്ര്യത്തിന് മുമ്പ് 1938 ലാണ് മറിയുമ്മ കോൺവെന്റിൽ ചേർന്ന് ഇംഗ്ലീഷ് പഠിച്ചത്.

മാംഗ്ലൂർ നൺസ് നടത്തുന്ന തലശ്ശേരി സേക്രഡ് ഹാർട്ട് കോൺവെന്റിലാണ് ഇന്നത്തെ പത്താക്ലാസിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പഠിച്ചത്. 1943 ലായിരുന്നു മറിയുമ്മയുടെ വിവാഹം. അതുവരെ മറിയുമ്മ സ്‌കൂളിൽ പോയിരുന്നു. പത്താം തരത്തിന് തുല്യമായ ഫിഫ്ത് ഫോറം വരെ മറിയുമ്മ പോയി. പിന്നീട് ഗർഭിണിയായപ്പോൾ വീട്ടിലിരുന്ന് പഠക്കാനും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമാകാനും തുടങ്ങി. മറിയുമ്മയുടെ ഇംഗ്ലീഷിലുള്ള പ്രസംഗവും നേതൃപാടവവും ആരെയും ആകർഷിക്കുന്നതായിരുന്നു.

 മാളിയേക്കൽ മറിയുമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. 

തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാൽപ്പാടുകൾ പതിപ്പിച്ചു നടന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടത്.  യാഥാസ്ഥിതികരുടെ  വിലക്കുകൾ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവർക്ക് വഴികാട്ടിയായിരുന്നു അവർ. സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കു വേണ്ടിയും പ്രവർത്തിച്ചു. എന്നും പുരോഗമന മനസ്സ് കാണിച്ച മാളിയേക്കൽ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറി. അവരുടെ വേർപാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ആ ദുഃഖത്തിൻ  പങ്കുചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.