വികസന പദ്ധതികളിലൂടെ സംസ്ഥാന സർക്കാർ പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നു: മന്ത്രി ഒ.ആർ കേളു

തനത് വരുമാനം വർദ്ധിപ്പിക്കാൻ വികസന പദ്ധതികൾ നടപ്പാക്കിയതിലൂടെ സംസ്ഥാന സർക്കാർ പഞ്ചായത്തുകളെ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചുണ്ടേൽ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനവും ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വയനാട് :  തനത് വരുമാനം വർദ്ധിപ്പിക്കാൻ വികസന പദ്ധതികൾ നടപ്പാക്കിയതിലൂടെ സംസ്ഥാന സർക്കാർ പഞ്ചായത്തുകളെ കൂടുതൽ ശക്തിപ്പെടുത്തുകയാണെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. വൈത്തിരി ഗ്രാമപഞ്ചായത്തിലെ ചുണ്ടേൽ സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനവും ബസ് സ്റ്റാന്റ് കം ഷോപ്പിങ് കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എൽ.എമാരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 98 ലക്ഷം രൂപ ചെലവഴിച്ചാണ് സാംസ്കാരിക നിലയത്തിന്റെ നിർമാണം പൂർത്തീകരിച്ചത്. 470.52 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള രണ്ട് നില കെട്ടിടത്തിൽ ആധുനിക സൗകര്യങ്ങളോടൊപ്പം ഇരുന്നൂറിലധികം പേർക്ക് ഇരിക്കാൻ കഴിയുന്ന മീറ്റിങ് ഹാൾ, ഡൈനിങ് ഹാൾ, പാചകശാല തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഇതോടൊപ്പം  5.62 കോടി രൂപ ചെലവിട്ട് വൈത്തിരി ഗ്രാമപഞ്ചായത്ത് നിർമിക്കാൻ പോകുന്ന ചുണ്ടേൽ ബഹുനില ഷോപ്പിങ് കോംപ്ലക്‌സിൽ കുടുംബശ്രീ ഗ്രൂപ്പുകൾക്കും, ഭിന്നശേഷിക്കാർക്കും മറ്റ് കച്ചവടക്കാർക്കുമുള്ള കടമുറികൾ, ലാബ് സൗകര്യത്തോടെയുള്ള ആയുർഭവൻ, മത്സ്യ- മാംസ വിപണന മാർക്കറ്റ്, മീറ്റിങ് ഹാൾ, ബസ് സ്റ്റാന്റ് കം ബസ് ബേ, ഹോട്ടൽ തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് ഒരുക്കുക.

പരിപാടിയിൽ  വൈത്തിരി  ഗ്രാമപഞ്ചാത്തിനെ പട്ടികജാതി-പട്ടികവർഗ്ഗ സൗഹൃദ പഞ്ചായത്തായി പ്രഖ്യാപ്പിക്കുന്ന റിപ്പോർട്ട്‌ മന്ത്രി ഒ.ആർ കേളു പ്രകാശനം ചെയ്യ്തു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് അധ്യക്ഷനായ പരിപാടിയിൽ സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ സി.കെ ശശീന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉഷ ജ്യോതിദാസ്, കൽപറ്റ ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ വി. ഉഷകുമാരി, എൽസി ജോർജ്, വൈത്തിരി ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എൻ.ഒ ദേവസ്സി, ഒ ജിനിഷ, കെ.കെ തോമസ്, അംഗങ്ങളായ വി.എസ് സുജിന, ബി ഗോപി, കെ.ആർ ഹേമലത, പി.കെ ജയപ്രകാശ്, എൻ.കെ ജ്യോതിഷ് കുമാർ, ജോഷി വർഗ്ഗീസ്‌, വത്സല സദാനന്ദൻ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ.എസ് സജീഷ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പൊതുജനങ്ങൾ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.