തൃശൂരിൽ നാട്ടുകാർക്കുനേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം

പാലപ്പിള്ളിയിൽ നാട്ടുകാർക്കുനേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. പാലപ്പിള്ളി ചിമ്മിനി ഡാം റോഡിൽ പിള്ളത്തോട് പാലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പുലിക്കണ്ണി ജനവാസ മേഖലയിൽ തമ്പടിച്ചിരുന്ന ആനക്കൂട്ടത്തെ വനപാലകർ കാടുകയറ്റാൻ ശ്രമിക്കുന്നതിനിടെ

 


തൃശൂർ: പാലപ്പിള്ളിയിൽ നാട്ടുകാർക്കുനേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം. പാലപ്പിള്ളി ചിമ്മിനി ഡാം റോഡിൽ പിള്ളത്തോട് പാലത്തിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. പുലിക്കണ്ണി ജനവാസ മേഖലയിൽ തമ്പടിച്ചിരുന്ന ആനക്കൂട്ടത്തെ വനപാലകർ കാടുകയറ്റാൻ ശ്രമിക്കുന്നതിനിടെ റോഡ് മുറിച്ചുകടന്ന ആനകൾ നാട്ടുകാർക്കും വഴിയാത്രക്കാർക്കും നേരെ തിരിയുകയായിരുന്നു. ആനക്കൂട്ടം വരുന്നത് കണ്ട് ആളുകൾ ഓടിമാറിയതുമൂലം വലിയ അപകടം ഒഴിവായി. കുട്ടികൾ ഉൾപ്പടെ ആറ് ആനകളാണ് റോഡ് മുറിച്ചുകടന്നത്.

ഞായറാഴ്ച പുലർച്ചെ പുലിക്കണ്ണിയിൽ വ്യാപകമായി കൃഷി നശിപ്പിച്ച ആനക്കൂട്ടം പ്രദേശത്ത് മണിക്കൂറുകളാണ് ഭീതി പരത്തിയത്. നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത രീതിയിൽ ജനവാസ മേഖലയിൽ തമ്പടിച്ചിരുന്ന ആനക്കൂട്ടത്തെ കാടുകയറ്റാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പാലപ്പിള്ളിയിൽ നിന്നെത്തിയ വനപാലകർ ആനകളെ കാടുകയറ്റാൻ ശ്രമിക്കുന്നതിനിടെയാണ് നാട്ടുക്കാർക്ക് നേരെ ആനക്കൂട്ടം പാഞ്ഞടുത്തത്. ഹാരിസൺ റബ്ബർ തോട്ടത്തിലേക്ക് കയറിയ ആനക്കൂട്ടം രാത്രിയിൽ ജനവാസ മേഖലയിലേക്ക് തിരിച്ചെത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ.