സാധാരണക്കാർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ വീടിനടുത്ത് ലഭ്യമാക്കുക സർക്കാർ ലക്ഷ്യം: വി. ശിവൻകുട്ടി
സാധാരണക്കാരായ ജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ വീടിനടുത്ത് ലഭ്യമാക്കുക എന്ന സർക്കാരിൻ്റ ലക്ഷ്യമാണ് ആറ്റുകാൽ അർബൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലൂടെ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.
തിരുവനന്തപുരം :സാധാരണക്കാരായ ജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങൾ വീടിനടുത്ത് ലഭ്യമാക്കുക എന്ന സർക്കാരിൻ്റ ലക്ഷ്യമാണ് ആറ്റുകാൽ അർബൻ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലൂടെ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.ജില്ലയിലെ ആദ്യത്തേതും കേരളത്തിലെ രണ്ടാമത്തേതുമായ നഗര സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേമം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ നാലര വർഷത്തിനിടെ ആരോഗ്യ മേഖലയിൽ മാത്രം 55 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പിലാക്കിയത്. നേമം താലൂക്ക് ആശുപത്രിയിൽ 30 കോടി രൂപ ചെലവിൽ രണ്ട് പുതിയ ബ്ലോക്കുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ആറ്റുകാൽ വാർഡിൽ കിള്ളിയാറിൽ പാർശ്വഭിത്തി നിർമ്മിക്കുന്നതിനായി ഒന്നരക്കോടി രൂപയും ആറ്റുകാൽ ബണ്ട് റോഡിനായി ഒന്നരക്കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ചാല ഗവൺമെൻ്റ് ഹൈസ്കൂളിന് 4 കോടി 60 ലക്ഷം രൂപ ചെലവിൽ പുതിയ കെട്ടിടം യാഥാർത്ഥ്യമാവുകയാണ്. യുവജനങ്ങൾക്ക് മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കാൻ കരമനയിൽ 6 കോടി രൂപ ചെലവിൽ ഒരു കരിയർ ഡെവലപ്മെൻ്റ് സെൻ്ററിൻ്റെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
നേമം മണ്ഡലത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കഴിഞ്ഞ നാലര വർഷത്തിനിടെ 900 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടത്തിയത്. വിദ്യാഭ്യാസ മേഖലയിൽ മാത്രം 100 കോടി രൂപ പുതിയ കെട്ടിടങ്ങൾക്കും അടിസ്ഥാനസൗകര്യങ്ങൾക്കുമായി വിനിയോഗിച്ചു. സ്കൂൾ കെട്ടിടങ്ങൾ നവീകരിച്ചും പഠനം ആധുനികവത്കരിച്ചും വലിയ മുന്നേറ്റമുണ്ടാക്കി. റോഡ് വികസനത്തിൽ 290 കോടി രൂപയുടെ മെഗാ പദ്ധതികളാണ് നടപ്പിലാക്കിയത്.
55 കോടി രൂപ ചെലവിൽ ആറ് പുതിയ പാലങ്ങൾ നിർമ്മിച്ചു. ജലസേചന പദ്ധതികൾക്കായി 45 കോടി രൂപയും കരമന ആഴാങ്കൽ നടപ്പാതയുടെ നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനുമായി 16 കോടി രൂപയും സർക്കാർ ഈ മണ്ഡലത്തിൽ ചെലവഴിച്ചുവെന്നും മന്ത്രി വി.ശിവൻകുട്ടി കൂട്ടിച്ചേർത്തു.
എം.എൽ.എയുടെ ആസ്തി വികസനഫണ്ടിൽ നിന്നും രണ്ട് കോടി രൂപ ചെലവഴിച്ചാണ് നഗര സാമൂഹിക ആരോഗ്യ കേന്ദ്രം നിർമിച്ചിട്ടുള്ളത്. ഇരു നിലകളിലായി നാല് കൺസൾട്ടേഷൻ മുറികൾ, ഫാർമസി, ഇഞ്ചക്ഷൻ മുറി, ഫിസിയോ തെറാപ്പി യൂണിറ്റ്, ലിഫ്റ്റ് തുടങ്ങി എല്ലാ ആധുനിക സംവിധാനങ്ങളും സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ ബിന്ദു മോഹൻ, പൊതുമരാമത് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുത്തുകുമാർ തുടങ്ങിയവർ പങ്കെടുത്തു.